Fierce controversy over the move to exclude women members from the election of the governing body of the film star association 'Amma'
സ്വന്തം ലേഖകന്‍
കൊച്ചി: സിനിമാ താര സംഘനയായ 'അമ്മ'യുടെ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വനിതാ അംഗങ്ങളെ ഒഴിവാക്കാന്‍ നടന്ന നീക്കത്തിനെതിരേ രൂക്ഷമായ തര്‍ക്കം.
ഒടുവില്‍ സമവായത്തോടെ പ്രശ്‌നം പരിഹരിക്കുകയും പ്രസിഡന്റ് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. മൂന്ന് സ്ത്രീകള്‍ക്കുള്ള മൂന്നു സീറ്റ് ഒഴിച്ചിടാന്‍ മോഹന്‍ലാലും കൂട്ടരും തീരുമാനിച്ചു. ഇതോടെ പ്രതിഷേധമായി.
സംഘടനയുടെ ഭരണഘടന അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് സീറ്റ് വനിതകള്‍ക്കാണ്. ഇതില്‍ മത്സരിച്ച അനന്യയെ മാത്രം ഉള്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് വോട്ട് കുറവെന്ന കാരണം പറയുകയും ചെയ്തു.
എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നുവനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ തന്നെ മത്സരിച്ച അനന്യയെ മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അനന്യയ്ക്കു താഴെ വോട്ടു നേടിയിരുന്ന അന്‍സിബയേയും സരയുവിനെയും വോട്ട് തീരെക്കുറവാണെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്കു പകരം കുക്കു പരമേശ്വരന്‍, മഞ്ജു പിള്ള, ഷീലു എബ്രഹാം എന്നിവരെയാണ് ജനറല്‍ ബോഡിയിലെ ഭരണ അനുകൂല വിഭാഗം നിര്‍ദ്ദേശിച്ചത്.
മത്സരിച്ചവരെ വോട്ടു കുറവെന്ന കാരണം പറഞ്ഞ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നു വരണാധികാരി നിലപാടെടുത്തു. ഇതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്‍സിബയേയും സരയുവിനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെടുകയും അന്തിമ തീരുമാനം ജനറല്‍ ബോഡിക്ക് വിടുകയും ചെയ്തു.
ബാബുരാജാണ് തര്‍ക്കം ആദ്യം ഉന്നയിച്ചത്. പിന്നീട് ജോയ് മാത്യുവും മറ്റും അത് ഏറ്റുപിടിച്ചു. മത്സരിച്ചവര്‍ക്ക് വോട്ട് കുറവെങ്കിലും അവരെ ചട്ടപ്രകാരം ഉള്‍പ്പെടുത്തണമെന്ന് ഇവരെല്ലാം വാദിച്ചു. തര്‍ക്കം ഒരു മണിക്കൂറിലേറെ നീണ്ടു. ഒടുവില്‍ അന്‍സിബയെയും സരയൂവിനെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുമെന്ന് അറിയിപ്പും വന്നു.
തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കിട്ടിയ വോട്ടും
കലാഭവന്‍ ഷാജോണ്‍-294
സുരാജ് വെഞ്ഞാറമൂട്-289
ജോയി മാത്യു-279
സുരേഷ് കൃഷ്ണ-275
ടിനി ടോം-274
അനന്യ-271
വിനു മോഹന്‍-271
ടൊവിനോ തോമസ്-268
സരയു
അന്‍സിബ

സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി, ജഗദീഷ്, ജയന്‍ ചേര്‍ത്തല വൈസ് പ്രസിഡന്റുമാര്‍, ഉണ്ണി മുകുന്ദന്‍ ട്രഷറര്‍
സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിലൂടെയായിരുന്നു ഇടവേള ബാബുവിന്റെ പിന്‍ഗാമിയായി സിദ്ദീഖ് എത്തുന്നത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയും സിദ്ദീഖിനായിരുന്നു.
അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. വൈസ് പ്രസിഡന്റുമാരായി ജഗദീഷും ജയന്‍ ചേര്‍ത്തലയും വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു.
ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാന്‍ പത്രിക നല്കിയിരുന്നു. മോഹന്‍ ലാല്‍ ആ സ്ഥാനത്തു തുടരാന്‍ താത്പര്യപ്പെടുന്നുവെന്നു വന്നതോടെ മൂവരും പത്രിക പിന്‍വലിച്ചു. അതോടെ മോഹന്‍ ലാല്‍ എതിരില്ലാതെ മൂന്നാമതും സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖ് ആയിരുന്നു നിലവിലെ ട്രഷറര്‍.
കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ സിദ്ദീഖിനെതിരേ മത്സരിച്ചിരുന്നു.മൂന്നു വര്‍ഷത്തേയ്ക്കാണ് തിരഞ്ഞെടുപ്പ്.
25 വര്‍ഷമായി നേതൃത്വത്തില്‍ തുടരുന്ന ഇടവേള ബാബു ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണ് മത്സരം കടുത്തത്. 2018 മുതല്‍ അമ്മ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇടവേള ബാബു. അതിനു മുന്‍പും പല പദവികള്‍ വഹിച്ചിരുന്നു.
കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി വോട്ടെടുപ്പ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തിയിരുന്നു. 11 അംഗ എക്‌സിക്യൂട്ടീവിലേക്കു 12 പേര്‍ മത്സരിച്ചു. വിദേശത്തായതിനാല്‍ മമ്മൂട്ടി യോഗത്തില്‍ സംബന്ധിച്ചില്ല.
Summary: Fierce controversy over the move to exclude women members from the election of the governing body of the film star association 'Amma'. Eventually the issue was resolved by consensus and President Mohanlal administered the oath to the elected. Mohanlal and his team decided to vacate three seats for three women. This became a protest.
COMMENTS