ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇട...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഉച്ചയോടെ ജാമ്യം ലഭിച്ചെങ്കിലും വൈകുന്നേരത്തോടെയാണ് തിഹാര്‍ ജയിലില്‍ നിന്ന് മോചനം സാധ്യമായത്.
തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയ ഉടന്‍ അരവിന്ദ് കെജ്രിവാള്‍ എഎപി അനുഭാവികളുടെ വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും 'ഞാന്‍ തിരിച്ചെത്തി' എന്ന് പറയുകയും ചെയ്തു. 'എല്ലാവരുടെയും മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു, ഞാന്‍ ഉടന്‍ മടങ്ങിവരുമെന്ന് നിങ്ങളോട് പറഞ്ഞു, ഞാന്‍ തിരിച്ചെത്തി,' അരവിന്ദ് കെജ്രിവാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ജാമ്യം ആണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായാണ് ജാമ്യം അനുവദിച്ചത്.
ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ ജൂണ്‍ 2 ന് വീണ്ടും ജയിലെത്താനും സുപ്രീം കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടു.
'എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. നിങ്ങള്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹങ്ങള്‍ നല്‍കി. സുപ്രീം കോടതിയിലെ ജഡ്ജിമാരോട് എനിക്ക് നന്ദി പറയണം, അവര്‍ കാരണമാണ് ഞാന്‍ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് രക്ഷിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറില്‍ തന്റെ അനുയായികളോട് ഒത്തുകൂടാനും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
COMMENTS