Current status of case against Sheela Sunny
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍.എസ്.ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയ ആളെ തിരിച്ചറിഞ്ഞു.
ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത് നാരായണദാസാണ് ഇതു സംബന്ധിച്ച് എക്‌സൈസിന് വിവരം നല്‍കിയത്. ആളെ തിരിച്ചറിഞ്ഞതോടെ ക്രൈംബ്രാഞ്ച് ഇയാളെ പ്രതിചേര്‍ത്ത് തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇയാളോട് ഈ മാസം 8 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും നല്‍കി.
2023 ഫെബ്രുവരി 27 നാണ് ഷീല സണ്ണിയെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗിനകത്ത് ഒളിപ്പിച്ച നിലയില്‍ എല്‍.എസ്.ഡി സ്റ്റാംപ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ 72 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു.
ഇതിനിടെ കെമിക്കല്‍ എക്‌സാമിനറുടെ പരിശോധനയില്‍ പിടികൂടിയത് എല്‍.എസ്.ഡി സ്റ്റാന്പ് അല്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും പരിശോധന ഫലം എക്‌സൈസ് സംഘം മറച്ചു വയ്ക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തായതോടെ ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കുകയായിരുന്നു.
എന്നാല്‍ ഇതേതുടര്‍ന്ന് വ്യാജ സ്റ്റാമ്പ് വെച്ച പ്രതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതിനിടെ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസ് തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നെന്നു കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവരുടെ സുഹൃത്ത് നാരായണദാസാണ് ഇപ്പോള്‍ കേസില്‍ പ്രതിയായിരിക്കുന്നത്.
Keywords: Sheela Sunny, Excise, Case, High court
COMMENTS