ന്യൂഡല്‍ഹി : ലോക കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന അട്ടിമറികളിലൊന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്‌ളണ്ടിനെ ക്രിക്...
ന്യൂഡല്‍ഹി : ലോക കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന അട്ടിമറികളിലൊന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്‌ളണ്ടിനെ ക്രിക്കറ്റിലെ ശിശുക്കളെന്നു പറയാവുന്ന അഫ്ഗാനിസ്ഥാന്‍ 69 റണ്‍സിനു പരാജയപ്പെടുത്തി.
കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് അഫ്ഗാനിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അവസാന പന്തു ശേഷിക്കെ 284 റണ്‍സിന് പുറത്തായി.
മറുപടിക്കിറങ്ങിയ ഇംഗ്‌ളണ്ട് 40.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്‌ളീഷ് നിരയില്‍ ഹാരി ബ്രൂക് മാത്രമാണ് എന്തെങ്കിലും ചെയ്തത്. ബ്രൂക് 61 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് മലാന്‍ 39 പന്തില്‍ 32 റണ്‍സ് എടുത്തു. പിന്നത്തെ ഏറ്റവും വലിയ സംഭാവന വാലറ്റക്കാരന്‍ ആദില്‍ റഷീദിന്റേതാണ്, 13 പന്തില്‍ 30 റണ്‍സ്.
അഫ്ഗാനിസ്ഥാനു വേണ്ടി മുജീബുര്‍ റഹ്മാനം റാഷിദ് ഖാനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് നബി രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഓരോവിക്കറ്റ് നേടി.
ആദ്യം ബാറ്റുചെയ്ത അഫ്ഗാനു വേണ്ടി റഹ്മാനുള്ള ഗുര്‍ബാസ് വെടിക്കെട്ടു തന്നെ നടത്തി. 57 പന്തില്‍ നാലു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയില്‍ ഗുര്‍ബാസ് 57 പന്തില്‍ 80 റണ്‍സ് നേടി. ഇക്രം അലിഖില്‍ 58 (66), മുജീബുര്‍ റഹ്മാന്‍ 28 (16) എന്നിവരും മികച്ച സംഭാവന നല്കി.
ഇംഗ്‌ളണ്ടിനു വേണ്ടി ആദില്‍ റഷീദ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക് വുഡിന് രണ്ടു വിക്കറ്റ് ലഭിച്ചു. റീസി ടോപ്‌ളേ, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോ റൂട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ട ഇംഗ്‌ളണ്ടിന്റെ സ്ഥിതി പരുങ്ങലിലാവുകയാണ്.
COMMENTS