ന്യൂഡല്‍ഹി: വര്‍ഗീയ അധിക്ഷേപം നേരിട്ട ബി.എസ്.പി എംപി ഡാനിഷ് അലിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് മനോവീര്യം നല്കാന...
ന്യൂഡല്‍ഹി: വര്‍ഗീയ അധിക്ഷേപം നേരിട്ട ബി.എസ്.പി എംപി ഡാനിഷ് അലിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് മനോവീര്യം നല്‍കാനും പിന്തുണ നല്‍കാനുമാണ് രാഹുല്‍ ഇവിടെ വന്നതെന്നും നിങ്ങള്‍ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നില്ക്കുന്ന എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടെന്നും രാഹുല്‍ പറഞ്ഞതായി ഡാനിഷ് അലി വ്യക്തമാക്കി.
അതേസമയം, ബിജെപി എംപി രമേഷ് ബിധുരി ലോക്സഭയില്‍ തനിക്കെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശം തന്നെ അസ്വസ്ഥനാക്കിയെന്ന് ഡാനിഷ് അലി വ്യക്തമാക്കി. തല പൊട്ടിച്ചിതറുന്നതു പോലെ തോന്നിയെന്നും കഴിഞ്ഞ രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഡാനിഷ് അലി പറഞ്ഞു. തന്റെ അനുഭവം ഇതാണെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ട എംപി അദ്ദേഹത്തിന്റെ സമുദായത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് രാജ്യത്തിനാകെ നാണക്കേടാണെന്നും രരമേഷ് ബിദുരിക്കെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടി നടപടിയെടുക്കുമോ അതോ പ്രോത്സാഹിപ്പിക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാനിഷ് അലി തീവ്രവാദിയാണെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നുമായിരുന്നു രമേശ് ബിധുരിയുടെ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന് രമേശ് ബിധൂരിയുടെ പരാമര്‍ശത്തില്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് ബി.ജെ.പി എം.പി നടത്തിത്. 'ഈ മുല്ലയെ നാടുകടത്തണം. ഇയാള്‍ ഒരു തീവ്രവാദിയാണ്' എന്നാണ് രമേശ് പറയുന്നത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ലോകസഭ സ്പീക്കര്‍ വിഷയത്തില്‍ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുര്‍വേദി എക്സില്‍ കുറിച്ചു.
COMMENTS