ഇന്ന് നടന്ന ചെസ്സ് ലോകകപ്പ് ഫൈനലിന്റെ ടൈ ബ്രേക്കറുകളില്‍ ഇന്ത്യയുടെ കൗമാരക്കാരനായ ആര് പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ മാഗ്...
ഇന്ന് നടന്ന ചെസ്സ് ലോകകപ്പ് ഫൈനലിന്റെ ടൈ ബ്രേക്കറുകളില്‍ ഇന്ത്യയുടെ കൗമാരക്കാരനായ ആര് പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്സണ് തന്റെ കന്നി ലോകകപ്പ് കിരീടം നേടി. 32-കാരനായ കാള്‍സന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ നിര്‍ത്തി കരുത്തനായ യുവരാജാവിനെപ്പോലെ പോരാടുകയായിരുന്നു പ്രഗ്നാനന്ദ. അതിവേഗ കരുനീക്കത്തില്‍ ഒന്നു പകച്ച ഇന്ത്യയുടെ ചുണക്കുട്ടി പൊരുതിത്തന്നെയാണ് കീഴടങ്ങിയത്. അര്ഹമായിരുന്നിട്ടും അവസാന നിമിഷം കയ്യില്‍ നിന്നു വഴുതിപ്പോയ ലോക ചാമ്പ്യനെന്ന കിരീടം ഇനിയും തേടിയെത്തുമെന്ന ആശ്വാസത്തിലാണ് ഇന്ത്യ. പതിനെട്ടുകാരനായ പ്രഗ്നാനന്ദയ്ക്ക് പൊരുതാന്‍ ഇനിയും ആയിരമായിരം അവസരങ്ങളും കാത്തിരിക്കുന്നുണ്ട്.
ചെസ് ലോകകപ്പിലെ വെള്ളി മെഡല്‍ ഫിനിഷോടെ, കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലേക്കുള്ള പ്രവേശനം പ്രഗ്നാനന്ദ എളുപ്പമാക്കി.
അതേസമയം, മാഗ്നസ് കാള്സണ് ഭക്ഷ്യവിഷബാധയ്ക്കെതിരെ പോരാടി, തന്റെ എല്ലാ അനുഭവങ്ങളേയും കൂട്ടുപിടിച്ചാണ് കളിക്കളത്തിനു മുന്നിലെത്തിയത്. ജയിച്ചേ തീരുവെന്ന വാശി അവസാന മത്സരത്തില്‍ കാള്‍സണെ വിടാതെ പിടികൂടിയിരുന്നു. എതിരാളി പ്രായംകൊണ്ടു മാത്രമേ ചെറിയവനായുള്ളൂ, കരുനീക്കത്തില്‍ തനിക്ക് സമനെന്നും കാള്സന് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യത്തില്‍ നിന്നാണ് ഇന്ത്യയുടെ യുവ ചെസ് രാജാവിനെ തോല്പ്പിക്കാനായതും.
ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്നസ് കാള്സണ് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രഗ്നാനന്ദ സമനില വഴങ്ങിയതോടെ കാള്സണ് കിരീടം സ്വന്തമാക്കുകയായിരുന്നു.
Keywords: Chess World cup, Praggnananda , loses
COMMENTS