എസ് ജഗദീഷ് ബാബു ഡല്‍ഹിയില്‍ മഴയും വെയിലും കൊണ്ട് നീതിക്കു വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എത്രയ...
എസ് ജഗദീഷ് ബാബു
ഡല്‍ഹിയില്‍ മഴയും വെയിലും കൊണ്ട് നീതിക്കു വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എത്രയോ നാളായി കുറ്റകരമായ മൗനം തുടരുന്നു. അതിനു സമാനമായി, എന്നാല്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍, ബുദ്ധിപരമായ നീക്കത്തിലൂടെ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ അബോധാവസ്ഥയിലായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതിയെ സഹായിച്ചവരെ രക്ഷിക്കുകയാണ് കേരള സര്‍ക്കാര്‍.
നയങ്ങളുടെയും നിലപാടുകളുടെയും കാര്യത്തില്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയും കേരളത്തിലെ മുഖ്യനും ഏതാണ്ട് ഒരേ നിലപാടുകാരാണെന്നു വെളിവാവുകയാണ്.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിയെയാണ് വടകര സ്വദേശി കെ ശശീന്ദ്രന്‍ എന്ന ജീവനക്കാരന്‍ മാനഭംഗപ്പെടുത്തയ്. ശസ്്ത്രക്രിയ കഴിഞ്ഞു മയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിക്ക് ഒന്നു ഒച്ചവയ്ക്കാന്‍ പോലും ശേഷിയില്ലായിരുന്നു. ഈ അവസരം പ്രതി മുതലെടുക്കുകയായിരുന്നു.
മാനഭംഗത്തിനു ശേഷം കൂട്ടുകാരോടൊപ്പം വിനോദയാത്ര പോയ ശശീന്ദ്രന്‍ തിരിച്ചെത്തയപ്പോള്‍ വാര്‍ത്ത നാടാകെ പരന്നിരുന്നു. പിന്നാലെ ഇയാള്‍ അറസ്റ്റിലായി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. പിന്നീട് മുഖം രക്ഷിക്കാനായി സര്‍ക്കാര്‍ ശശീന്ദ്രനെ പിരിച്ചുവിട്ടു.
ശശീന്ദ്രന്‍ ചെയ്തതിലും ഗുരുതര കുറ്റം മറ്റ് അഞ്ചു ജീവനക്കാര്‍ ചെയ്തിരുന്നു. മൊഴി മാറ്റാന്‍ ഇരയെ പ്രേരിപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. ഇവരില്‍ താത്കാലിക ജീവനക്കാരിയായ ദീപയെ പിരിച്ചുവിട്ട് അന്ന് സര്‍ക്കാര്‍ മുഖം രക്ഷിച്ചിരുന്നു.
എന്നാല്‍, ഇരയായ യുവതി കേസില്‍ ഉറച്ചുനിന്നതോടെ കൂട്ടുപ്രതികളായ മറ്റു ജീവനക്കാര്‍ക്കെതിരേ കേസെടുത്ത് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ ജീവനക്കാരുടെ സംഘടനകളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഈ ജീവനക്കാരെയെല്ലാം തിരിച്ചെടുക്കാന്‍ നീക്കം നടക്കുകയാണ്. ഇക്കാര്യം ലോകത്തോടു വിളിച്ചു പറയുന്നത് മറ്റാരുമല്ല, ക്രൂരമായ പീഡനത്തിന് ഇരയായ യുവതി തന്നെയാണ്.
സര്‍വീസ് സംഘടനകളുടെ സംഘടിത ബലത്തിനു മുന്നില്‍ ഏതു മാനഭംഗക്കേസും ആവിയായി പോകുമെന്ന് വെളിവാവുകയാണ്. ഇരയെക്കാള്‍ സര്‍ക്കാരിനു താത്പര്യം അവളെ പീഡിപ്പിച്ചവനു കുടപിടിച്ചവരോടു തന്നെയാണ്. അതിനാണ് വളരെ ബുദ്ധിപരമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതും.
അന്നു പ്രതിക്കെതിരേ പോലും കൃത്യമായ നിയമനടപടികളല്ല സ്വീകരിക്കപ്പെട്ടതെന്ന് ഇരയായ യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കേസ് കൃത്യമല്ലെങ്കില്‍ നാളെ കോടതില്‍ അതു നിലനില്‍ക്കില്ല. അപ്പോള്‍ പിരിച്ചുവിടപ്പെട്ടവന് മുന്‍കാല പ്രാബല്യത്തോടെ ചിലപ്പോള്‍ ജോലി തിരിച്ചുകൊടുക്കേണ്ടിവരും. ഇതെല്ലാം അറിഞ്ഞു തന്നെയാണ് സര്‍ക്കാരിന്റെ പേടിപ്പെടുത്തുന്ന മൗനം.
ഡല്‍ഹിയിലും കോഴിക്കോട്ടും രക്ഷിക്കാന്‍ ശ്രമിക്കുന്നത് പ്രതികളെയാണ്. മോഡി സര്‍ക്കാര്‍ പരസ്യമായി പ്രതിയായ ബ്രിജ് ഭൂഷണ്‍ എം.പി യെ സംരക്ഷിക്കുന്നു. പിണറായി സര്‍ക്കാര്‍ കൂടുതല്‍ ഹോംവര്‍ക്ക് ചെയ്ത് പ്രിതിക്കൂട്ടിലുള്ളവരെ രക്ഷിക്കാന്‍ നോക്കുന്നു.
ഇരയോടൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുകയും അതേസമയം വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ഇരയോടൊപ്പം ഓടുന്നു എന്ന് ഭാവിക്കുമ്പോള്‍ തന്നെ അവര്‍ വേട്ടക്കാരനെ സഹായിക്കുന്നു. ഇതൊരു അടവു നയമാണ്.
പ്രധാനമന്ത്രി പരസ്യമായി പ്രതിയായ എം. പി യെ രക്ഷിക്കുന്നു. മുഖ്യമന്ത്രി ആദ്യം പീഡന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യിക്കുന്നു. ഇപ്പോള്‍ അവരെ കൂട്ടത്തോടെ സര്‍വീസില്‍ തിരികെ എടുക്കാന്‍ മൗന സമ്മതം മൂളുന്നു.
ഫലത്തില്‍ രണ്ടു സര്‍ക്കാരും വേട്ടക്കാര്‍ക്ക് ചൂട്ടു പിടിക്കുകയാണ്. എട്ടു ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി നിയമങ്ങളെ വെല്ലുവിളിച്ചു വിലസുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളോ വെയിലിലും മഴയിലും സമരം തുടരുന്നു.
ഏഴ് വനിതാ ഗുസ്തി താരങ്ങളെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വളര്‍ന്നു വരുന്ന താരത്തെയും ലൈംഗികമായി പീഡിപ്പിച്ച ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ഇപ്പോഴും ഗുസ്തി ഫെഡറേഷന്റെ അദ്ധ്യക്ഷനായി തുടരുന്നു. താന്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും ഇയാള്‍ ഒരു വര്‍ഷം മുന്‍പ് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത്രയുമൊക്കെയായിട്ടും ഇയാള്‍ക്കെതിരേ ഒരു ചെറുവിരല്‍ പോലും ഡല്‍ഹിയില്‍ അനങ്ങിയില്ല. അതാണ് അയാളുടെ കേന്ദ്ര സര്‍ക്കാരിലെ സ്വാധീനം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ഓപ്പറേഷന്‍ കഴിഞ്ഞു അബോധവസ്ഥയിലായിരുന്ന കുട്ടിയെ അക്രമിച്ച പ്രതിയെയും അയാളെ കേസില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടി പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ എത്തിയ ജിവനക്കാരെയുമാണ് ആദ്യം പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തത്.സര്‍വീസ് സംഘടനകളുടെ സമര്‍ദ്ദത്തിന് ആരോഗ്യ മന്ത്രി വഴങ്ങുമ്പോഴാണ് അവരില്‍ പലരും കസേരയിലേക്ക് തിരിച്ചെത്താന്‍ പോകുന്നത്.
അന്നത്തെ അറസ്റ്റുകളും നടപടികളുമെല്ലാം സര്‍ക്കാര്‍ നടത്തിയ ചെപ്പടി വിദ്യയെന്ന് പെണ്‍കുട്ടി സംശയിച്ചാല്‍ അത് പിപ്പിടി വിദ്യ ആണെന്നായിരിക്കും ഇനി പറയുക!
Keywords: Kozhikkode Medical College, Brij Bhushan, India, Kerala



.png)

COMMENTS