എസ് ജഗദീഷ് ബാബു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ കാലത്ത് പാര്‍ട്ടി ഫണ്ടിലേക്ക് ആകെ ഉണ്ടായിരുന്ന പശുക്കിടാവിനെ സംഭാവന ചെയ്ത പാലോറ മാതയില...
എസ് ജഗദീഷ് ബാബു
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ കാലത്ത് പാര്‍ട്ടി ഫണ്ടിലേക്ക് ആകെ ഉണ്ടായിരുന്ന പശുക്കിടാവിനെ സംഭാവന ചെയ്ത പാലോറ മാതയില്‍ നിന്ന് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച റസാക്ക് പായമ്പ്രോട്ടിലേക്കുള്ള ദൂരമാണ് ഇന്ത്യയിലെ കമ്മ്യൂണിസത്തിന്റ വളര്‍ച്ച.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന റസാഖ്, വീടും പറമ്പും ഒടുവില്‍ സ്വജീവിതവുമാണ് പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ ഒരു തുണ്ട് കയറില്‍ അവസാനിപ്പിച്ചത്.
സഖാവ് പി. കൃഷ്ണപിള്ളയും, എ കെ ജി യും ഫണ്ട് പിരിവിന് എത്തിയപ്പോള്‍ പാലോറ മാതാ ആടിനെ നല്‍കിയത് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മറക്കാനാവാത്ത സംഭവമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിരിഞ്ഞെങ്കിലും കേരളത്തില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് തുടര്‍ ഭരണം നടത്തുമ്പോഴാണ് എല്ലാ സമ്പാദ്യവും പാര്‍ട്ടിക്ക് എഴുതിവച്ച സഖാവിനു ജീവന് തന്നെ അവസാനിപ്പിക്കേണ്ടി വന്നത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിന് എതിരെ നടപടി എടുക്കാന്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി വിസമ്മതിച്ചതാണ് റസാഖിന്റെ ആത്മഹത്യക്ക് വഴിവച്ചത്.
റസാഖിന്റെ മൂത്ത സഹോദരന്റെ മരണത്തിന് കാരണം ഈ ഫാക്ടറി പുറന്തള്ളിയ മാലിന്യമാണെന്ന് ആരോപിച്ച് പഞ്ചായത്തില്‍ പലവട്ടം പരാതി നല്‍കിയിരുന്നു. ശ്വാസകോശ രോഗത്തെ തുടര്‍ന്നാണ് സഹോദരന് മരിച്ചത്. മൃതദേഹത്തിന് അരികില്‍ നിന്ന് റസാഖ് നല്കിയ പരാതികളുടെ കോപ്പികളും പൊലീസ് കണ്ടെടുത്തിരുന്നു.
മലബാറിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് കലാകാരന് കൂടിയായിരുന്നു റസാഖ്. കൊണ്ടോട്ടി ടൈംസ് എന്ന പത്രവും ചാനലും ഇദ്ദേഹം നടത്തിയിരുന്നു. മാപ്പിള കലാ അക്കാഡമി സെക്രട്ടറിയായി രണ്ടു തവണ ചുമതല ഏറ്റത് സിപിഎം നോമിനി ആയിട്ടാണ്. കവി മോയിന്‍കുട്ടി വൈദ്യര് സ്മാരക അക്കാഡമിയുടെ മുന്‍ സെക്രട്ടറി കൂടി ആയിരുന്നു റസാഖ്.
പാലോറ മാതയുടെ ആടിനെ കുറിച്ച് ഇപ്പോഴും വികാരം കൊള്ളുന്ന കമ്മ്യൂണിസ്റ്റുകളെ ഇപ്പോള്‍ ഭരിക്കുന്നത് പേടിപ്പെടുത്തുന്ന മൗനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ പിണറായിയിലെ പാറപ്പുറത്തു നിന്നു പാപപരിഹാരാര്‍ത്ഥം ഒരു യാത്രയാണ് ഇനി ഇവര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം. വര്‍ക്കല പാപനാശം കടലില്‍ എത്രവട്ടം മുങ്ങി നിവര്ന്നാലാവും മോക്ഷം കിട്ടുക!
COMMENTS