Behind the dazzling victory of the Congress party in the Karnataka assembly elections, there is another Malayalee shine. Its KC Venugopal
സ്വന്തം ലേഖകന്‍
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു കിട്ടിയ മിന്നുന്ന ജയത്തിനു പിന്നില്‍ ഒരു മലയാളിത്തിളക്കം കൂടിയുണ്ട്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനു കൂടി അവകാശപ്പെട്ടതാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ജയം.
വേണുഗോപാലിനൊപ്പം കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രചരണ സമിതി അധ്യക്ഷന്‍ എം.ബി പാട്ടീല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രചരണങ്ങള്‍ക്കും തന്ത്രങ്ങളൊരുക്കാനും പിന്നണിയിലും മുന്നണിയിലും മാസങ്ങളായി കഠിനാധ്വാനം ചെയ്തത്. അതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.
ബി.ജെ.പി സര്‍ക്കാരിനെതിരേ ഉണ്ടായ അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും വര്‍ഗീയ ധ്രുവീകരണവും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കാണ്‍ഗ്രസ് പ്രചരണ സമിതിക്ക് കഴിഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ കന്നഡ ജനതയ്ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. സാധാരണക്കാരുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കാന്‍ പ്രകടന പത്രികയ്ക്കു കഴിഞ്ഞിരുന്നു.
ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളും ന്യൂനപക്ഷ, ദളിത്, പിന്നാക്ക വിഭാഗങ്ങളുമൊക്കെ കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന തലത്തിലേക്കു പ്രചരണം എത്തിക്കുന്നതിന് ഈ കൂട്ടുകെട്ടിനു കഴിഞ്ഞിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലം തന്നെയാണ് എല്ലായിടത്തും പ്രതിഫലിച്ചു കണ്ടത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച് ജാഗ്രതയോടെ നടപ്പാക്കാന്‍ വേണുഗോപാല്‍ ഉള്‍പ്പെട്ട സംഘത്തിനു കഴിഞ്ഞിരുന്നു.
നേതാക്കള്‍ക്കിടയിലെ ഭിന്നാഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന് കീറാമുട്ടിയായിരുന്ന ഒരു സമയം കര്‍ണാടക പിസിസിയിലുണ്ടായിരുന്നു. അത്തരമൊരു ഘട്ടത്തില്‍ അനുരഞ്ജന ദൗത്യത്തിനായി ദേശീയ നേതൃത്വം കെ സി വേണുഗോപാലിനെയായിരുന്നു നിയോഗിച്ചത്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിച്ച് പ്രസ്ഥാനം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ വേണുഗോപാലിന് ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.
2018-ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ തുടര്‍ ഭരണം ഉറപ്പാക്കിയതില്‍ അന്നു സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി എന്നനിലയില്‍ വേണുഗോപാലിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. കര്‍ണാടകത്തിലെ അനുഭവ സമ്പത്ത് അദ്ദേഹത്തിന് നേതാക്കള്‍ക്കിടയിലെ പ്രശ്നങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സമവാക്യങ്ങള്‍ എന്നിവയെ കുറിച്ച് വേഗത്തില്‍ മനസ്സിലാക്കുന്നതിനും പരിഹാരം കണ്ടെത്തിുന്നതിനും സഹായകമായെന്നു പറയാം. സംസ്ഥാനത്തിന്റ ചുമതല വഹിച്ചിരുന്നപ്പോള്‍ കര്‍ണാടകത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് നേതാക്കളും പ്രവര്‍ത്തകരുമായി ഉണ്ടാക്കിയെടുത്ത ബന്ധം ഇപ്പോള്‍ വേണുഗോപാലിനു മുതല്‍ക്കൂട്ടായെന്നു പറയാം.
കീറാമുട്ടിയാകുമെന്നു കരുതിയിരുന്ന സീറ്റ് വിഭജനം പോലും അനായാസമായി പൂര്‍ത്തിയാക്കാന്‍ ഈ അനുഭവ സമ്പത്ത് സഹായകമായി. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാം എന്നതായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, വേണുഗോപാലിന്റെ ഇടപെടലിന്റെ ഫലമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഐക്യ അന്തരീക്ഷം ഉണ്ടായതോടെ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തുടക്കത്തില്‍ തന്നെ പൊളിയുകയായിരുന്നു.
പിന്നീട്, എണ്ണയിട്ട യന്ത്രം പോലെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുതുടങ്ങി. ജയിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു പിന്നത്തെ കടമ്പ. ആ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന നേതൃത്വത്തെ സജീവമാക്കി നിര്‍ത്താനായി ചെറുതും വലുതുമായവ ഉള്‍പ്പെടെ എണ്ണമറ്റ യോഗങ്ങളിലാണ് വേണുഗോപാല്‍ സംസ്ഥാനത്ത് പങ്കെടുത്തത്.
സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ ഈ യോഗങ്ങളില്‍ പങ്കെടുത്തു. സമുദായ സംഘടനകളുമായി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മഠാധിപതികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇവയൊന്നും മാധ്യമങ്ങളുടെ അകമ്പടിയോടെ ആയിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹരിഹറിലെ പഞ്ചമസാലി ജഗ്ദഗുരു പീഠത്തിലും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോയെ ബിഷപ്പ് ഹൗസിലും സന്ദര്‍ശിച്ച് നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിറം കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ നിയോജക മണ്ഡലം തിരിച്ച് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ചുമതലകള്‍ വീതിച്ചു നല്‍കിയത് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കി. ഇതിനൊപ്പം നിശ്ചിത ഇടവേളകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുടെ റാലികള്‍ കൂടി ആയതോടെ പ്രചരണ രംഗത്ത് കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിച്ചു.
ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തി. മറ്റെല്ലാ ഉത്തരവാദിത്തങ്ങളും തത്കാലികമായി മാറ്റിവച്ച്് പൂര്‍ണസമയം കര്‍ണാടകത്തില്‍ ചെലവഴിക്കുകയായിരുന്നു വേണുഗോപാല്‍ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
കര്‍ണാടകത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ ചര്‍ച്ചകള്‍ നടത്തി ചടുലമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു എപ്പോഴും കോണ്‍ഗ്രസ് നടത്തിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അടുത്തു നിന്നു നോക്കുന്നവര്‍ക്ക് ഈ ഒരു വേഗം ബിജെപി ക്യാമ്പില്‍ കാണാനായില്ല.
രാത്രി വൈകി ബാംഗ്ളൂരിലെത്തി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്ത് പുലര്‍ച്ചെ ഡല്‍ഹിക്ക് മടങ്ങുക ഇടയ്ക്കു വേണുഗോപാലിന്റെ പതിവായിരുന്നു.
ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ കാത്തതും കോണ്‍ഗ്രസിനു ഗുണമായി. മാധ്യമങ്ങള്‍ പ്രശ്നങ്ങള്‍ തിരിച്ചറിയുമ്പോഴേക്ക് അതിനുള്ള പരിഹാരം വേണുഗോപാലും സംഘവും കണ്ടെത്തിയിരുന്നു.
മോഡി-അദാനി കൂട്ടുകൃഷി തുറന്നുകാട്ടിയതിനു രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ചതിനുള്ള മറുപടി കൂടിയാവണം തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് സംഘം ഉറപ്പിച്ചിരുന്നു. അത് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് പ്രചാരണ രംഗത്തുടനീളം കണ്ടത്.
ജാതിസെന്‍സസിലും സംവരണ വിഷയത്തിലും ഉള്‍പ്പെടെ ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധരാണെന്ന് ആവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് തന്ത്രവും ഫലം കണ്ടുവെന്നു തന്നെ പറയാം. ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ നാലു ശതമാനം മുസ്ലിം സംവരണം പുനഃസ്ഥാപിക്കും, സംവരണ പരിധി 50 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ത്തും തുടങ്ങി കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.
ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്കിടയിലും മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും ഉറപ്പില്ലാത്ത വാഗ്ദാനങ്ങളും ഭരണവിരുദ്ധ വികാരവും ബി.ജെ.പിയുടെ നില പരുങ്ങലിലാക്കി. ബി.ജെ.പിയുടെ കോട്ടങ്ങളെ നേട്ടങ്ങളാക്കാനും ഇക്കുറി കോണ്‍ഗ്രസിനു കഴിഞ്ഞു. ഇങ്ങനെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും കെ സി വേണുഗോപാലിന്റെ പങ്ക് നിര്‍ണായകമായി. ഫലത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ ജയം വേണുഗോപാലിന്റെ കൂടി ജയമായി.

COMMENTS