അഭിനന്ദ് ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബിജെപിയെ തിരിഞ്ഞുകൊത്തുന്നു എന്നാണ് കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പു ഫലം വ്യക്തമാ...
അഭിനന്ദ്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ബിജെപിയെ തിരിഞ്ഞുകൊത്തുന്നു എന്നാണ് കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. അതിനൊപ്പം ഈ തിരഞ്ഞെടുപ്പു വിജയം പ്രതിപക്ഷത്തിനു നല്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.
ഇന്ത്യയുടെ ഭൂപടത്തിലേക്ക് ഇപ്പോള്‍ നോക്കിയാല്‍ കേരളത്തില്‍ തുടങ്ങി ജാര്‍ഖണ്ഡും ഒഡീഷയും കടന്ന് ബീഹാര്‍ വരെ ബി ജെ പി ഇതര പാര്‍ട്ടികളാണ് ഭരണത്തില്‍. അതിനു മുകളില്‍ രാജസ്ഥാനും പഞ്ചാബും ഹിമാചലും പിന്നെ കശ്മീരും ബിജെപിയുടെ പിടിയിലല്ല.
ഇന്ത്യയുടെ മദ്ധ്യ ഭാഗവും വടക്കു കിഴക്കും മാത്രമായി ബി ജെ പി ഒതുങ്ങിയിരിക്കുന്നു. ഇതു പ്രതിപക്ഷത്തിനു നല്കുന്നത് പുതിയൊരു ഊര്‍ജ്ജമാണ്. 2024ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒത്തൊരുമയോടെ നിന്നാല്‍ അത്ഭുതങ്ങളുണ്ടാക്കാമെന്ന പാഠമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
കര്‍ണാടകത്തിലേത് കേവലം ഒരു ജയമല്ല. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനം കോണ്‍ഗ്രസിന് അധികാരം തിരിച്ചുകൊടുത്തിരിക്കുന്നത്. കുതിരക്കച്ചവടത്തിനും സാദ്ധ്യത വിരളമാണ്. അവിടെ അട്ടിമറിക്കു പോയാല്‍ അതു ബി ജെ പിക്കു ക്ഷീണമുണ്ടാക്കാനേ വഴിയുള്ളൂ.
ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഭരണമുള്ള ഒരേയൊരു സംസ്ഥാനമായിരുന്നു കര്‍ണാടകം. ഹിന്ദുത്വ ആശയങ്ങള്‍ ദക്ഷിണേന്ത്യയില്‍ പരീക്ഷിക്കാനുള്ള ഏക ലാവണമായിരുന്നു കര്‍ണാടകം.
ഏതാണ്ട് ശൂന്യതയില്‍ നിന്നു കോണ്‍ഗ്രസ് തിരിച്ചുവരുന്ന കാഴ്ച കൂടിയാണ് ഈ തിരഞ്ഞെടുപ്പ് നല്കുന്നത്. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവയ്ക്കു പുറമേ അവര്‍ക്കു ഭരണം കിട്ടിയിരിക്കുന്ന അടുത്ത സംസ്ഥാനമായിരിക്കുന്നു കര്‍ണാടകം.
ചുരുക്കത്തില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 13.5 ശതമാനത്തെ കോണ്‍ഗ്രസ് ഭരണത്തിനു കീഴിലാക്കാന്‍ അവര്‍ക്കായിരിക്കുന്നു. ഇതിനു പുറമേ, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണ സഖ്യത്തിന്റെ ഭാഗമാണ്. രാജ്യത്തെ ജനസംഖ്യയുടെ 17 ശതമാനത്തെയാണ് ഈ പ്രദേശങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഒറ്റയ്ക്കു ഭരിക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 34 ശതമാനത്തിലധികം വരും ഈ പ്രദേശങ്ങള്‍ ചേരുമ്പോള്‍.
ഇതിനു പുറമേ, മഹാരാഷ്ട്ര, ഹരിയാന, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരണത്തിന്റെ ഭാഗമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 11.6 ശതമാനം വരും ഈ പ്രദേശങ്ങള്‍.
അതായത് രാജ്യത്തെ 45.6 ശതമാനം വരുന്ന പ്രദേശങ്ങളില്‍ ഭരണത്തില്‍ ബി ജെ പിയുണ്ട്. ബാക്കി ഭൂരിപക്ഷം പ്രദേശങ്ങളും ബി ജെ പി യുടെ നിയന്ത്രണത്തിനു പുറത്താണ്. പക്ഷേ, ഇതില്‍ തന്നെ പല പ്രാദേശിക കക്ഷികളുമായും ബി ജെ പിക്കു നീക്കുപോക്കുണ്ട്. എങ്കിലും ഒത്തൊരുമയോടെ നിന്നാല്‍, അത്ഭുതങ്ങളുണ്ടാക്കാനാവുമെന്ന തിരിച്ചറിവാണ് ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പു ഫലം നല്കുന്നത്.
25 ശതമാനം പ്രദേശങ്ങള്‍ ബിജെപിയോ കോണ്‍ഗ്രസോ ഭരിക്കാത്തവയാണ്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍, മിസോറം, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിയുമായും കോണ്‍ഗ്രസുമായും ബന്ധമില്ലാത്ത കക്ഷികളാണ് ഭരിക്കുന്നത്. ഇവരെ ഒപ്പം നിറുത്തുക ബി ജെ പിയെക്കാള്‍ എളുപ്പം കോണ്‍ഗ്രസിനാണ്. അതിന് അവര്‍ക്കു കഴിയുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
Summary: Karnataka, Congress Mukta Bharatham, BJP, Kerala, Andhra Pradesh, Telangana, Odisha, West Bengal, Mizoram, Delhi, Punjab
COMMENTS