Milma price hike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വീണ്ടും വില കൂട്ടുന്നു. മില്‍മയുടെ പച്ച കവറില്‍ വരുന്ന റിച്ച്, മഞ്ഞ കവറില്‍ വരുന്ന സ്മാര്‍ട്ട് എന്നിവയ്ക്കാണ് നാളെ മുതല്‍ വില കൂട്ടുന്നത്. നേരത്തെ 29 രൂപയായിരുന്ന റിച്ചിന് 31 ഉം 24 രൂപയായിരുന്ന സ്മാര്‍ട്ടിന് 25 രൂപയുമാകും.
എന്നാല്‍ കോമണ്‍ കവറായ നീലയ്ക്ക് ഇപ്പോള്‍ വിലകൂടുന്നില്ല. രണ്ടു മാസം മുന്‍പ് നീലയ്ക്ക് വില കൂട്ടിയിരുന്നു.
മില്‍മയുടെ ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, വില, തൂക്കം, ഗുണനിലവാരം എന്നിവ നടപ്പാക്കുന്ന പദ്ധതിയായ റിപൊസിഷനിങ് മില്‍മ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് മില്‍മ റിച്ചിനും സ്മാര്‍ട്ടിനും വില കൂട്ടുന്നതെന്നാണ് വാദം.
അതേസമയം വിലവര്‍ദ്ധനവ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മില്‍മയുടെ പച്ച, മഞ്ഞ കവറുകള്‍ക്ക് വില്‍പ്പന കുറവാണെന്നും എന്നിരുന്നാലും വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നെന്നും വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS