ന്യൂസ് ഡെസ്‌ക് ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ തെലുങ്കുദേശം അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ റാലി...
ന്യൂസ് ഡെസ്‌ക്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ തെലുങ്കുദേശം അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ മരിച്ചു.
2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി സംസ്ഥാനത്തുടനീളം നായിഡു റോഡ് ഷോകള്‍ നടത്തുകയാണ്.
തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഒരു പൊതു പരിപാടിയില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് നാലു ദിവസത്തിനിടെ രണ്ടാം തവണയാണ്.
പൊതുയോഗം കഴി്ഞ്ഞ് നായിഡു മടങ്ങിയ ശേഷമായിരുന്നു ദുരന്തമെന്നു ടി ഡി പി വൃത്തങ്ങള്‍ പറയുന്നു.
പൊതുയോഗത്തിനുശേഷം, മകരസംക്രാന്തിക്ക് സ്ത്രീകള്‍ക്ക് ചന്ദ്രബാബു നായിഡുവിന്റെ സമ്മാനമായി പ്രാദേശിക തെലുങ്കുദേശം പാര്‍ട്ടി നേതാക്കളുടെ സാരി വിതരണം ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു.
സാരി വാങ്ങാന്‍ നാലായിരത്തോളം സ്ത്രീകള്‍ തടിച്ചുകൂടിയിരുന്നു. മറുവശത്ത് ഭക്ഷണപ്പൊതി വിതരണവുമുണ്ടായിരുന്നു. ഇതിനിടെ ബാരിക്കേഡ് തകര്‍ന്ന് കൂട്ടത്തിരക്കാവുകയും അപകടം സംഭവിക്കുകയുമായിരുന്നു.
ബുധനാഴ്ച നായിഡുവിന്റെ റോഡ്ഷോയ്ക്കിടെ നെല്ലൂര്‍ ജില്ലയില്‍ തിക്കിലും തിരക്കിലും കനാലില്‍ വീണ് രണ്ടു പേര്‍ മരിച്ചിരുന്നു.
'മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയും നല്‍കുമെന്നു നായിഡു പിന്നീട് പറഞ്ഞു.
തെലുങ്ക് ദേശം പാര്‍ട്ടി മേധാവിയാണ് കൂട്ട മരണത്തിന് ഉത്തരവാദിയെന്നും അദ്ദേഹത്തിന്റെ 'പബ്ലിസിറ്റി മാനിയ'യാണ് ദുരന്തത്തിന് കാരണമെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. നായിഡു ഉടനടി പരസ്യമായി മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
2019ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ടിഡിപിയുടെ പുനരുജ്ജീവനത്തിന്റെ സൂചനയായാണ് നായിഡുവിന്റെ പരിപാടികളിലെ വന്‍ ജനക്കൂട്ടത്തെ കാണുന്നത്.
ജനങ്ങള്‍ തന്റെ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചില്ലെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് നായിഡു പറഞ്ഞിരുന്നു.
നായിഡുവിന്റെ മകന്‍ നാരാ ലോകേഷ് 4,000 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന 400 ദിവസം നീണ്ടുനില്‍ക്കുന്ന ജാഥ ജനുവരി 27 മുതല്‍ ആരംഭിക്കാനിരിക്കുകയുമാണ്.
COMMENTS