Bharath Jodo yatra ends in Kasmir
ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ജമ്മു കശ്മീരില്‍ സമാപനം. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് ആരംഭിച്ചത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധിയെ ആദരിച്ചു. തുടര്‍ന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിയെ ഷോള് അണിയിച്ച് ആദരിച്ചു.
തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. കശ്മീരിന്റെ സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്നു പറഞ്ഞ ഖാര്‍ഗെ യാത്രയില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദിയും അറിയിച്ചു.
പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്നും ഇത് ആത്മീയ യാത്രയാണെന്നും രാജ്യം മുഴുവന്‍ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇതിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും രാജ്യത്ത് ഇപ്പോഴുള്ള വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നുവെന്ന രാഹുലിന്റെ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തുവെന്നും ആവര്‍ത്തിച്ചു.
Keywords: Bharath Jodo Yatra, End, Kasmir, Rahul Gandhi
COMMENTS