Kozhikode Coastal Police Station Circle Inspector PR Sunu was arrested by the police in the case of gang rape of a housewife
കോഴിക്കോട് : വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനുവിനെ സ്റ്റേഷനില്‍ കയറി പൊലീസ് അറസ്റ്റുചെയ്തു.
തൃക്കാക്കര പൊലീസാണ് ഉന്നത ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ ക്രിമിനലായ സി ഐ പിടികൂടിയത്.
കഴിഞ്ഞ മേയ് മുതല്‍ വീട്ടമ്മയെ എറണാകുളത്ത് പല സ്ഥലത്തായി കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. അറസ്റ്റിനു തൊട്ടുമുന്‍പ് ഫറോക് ഡിവൈ എസ് പിയെ മാത്രം വിവരം അറിയിച്ചു.
രാവിലെ സ്റ്റേഷനിലെത്തി പതിവു ജോലികള്‍ ആരംഭിച്ചതിനു പിന്നാലെയാണ് തൃക്കാക്കര പൊലീസ് എത്തി സുനുവിനെ അറസ്റ്റു ചെയ്തത്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് തൃക്കാക്കരയിലേക്കു തിരിച്ചു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. തൃക്കാക്കര, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു പീഡിപ്പിച്ചതായി പരാതിക്കാരി പറയുന്നു.
തൊഴില്‍ തട്ടിപ്പു കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് ജയിലിലാണ്. ഈ കേസുമായി സ്‌റ്റേഷനിലെത്തിയ വേളയിലാണ് സുനു യുവതിയെ നോട്ടമിട്ടത്.
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് സുനുവിന് ഒത്താശ ചെയ്തു നല്കിയത്. യുവതിയുടെ വീട്ടു ജോലിക്കാരിയും ഒരു ക്ഷേത്ര ജീവനക്കാരനും ഉള്‍പ്പെടെ ആറു പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ സിഐക്ക് പുറമേ മൂന്നുപേര്‍ കൂടി കസ്റ്റഡിയിലാആയിട്ടുണ്ടെന്നാണ് സൂചന. വീട്ടമ്മ ഇന്നലെയാണ് തൃക്കാക്കര പൊലീസിന് പരാതി നല്‍കിയത്.
മേയ് മുതല്‍ ഭീഷണിപ്പെടുത്തി പലവട്ടം മാനഭംഗപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ പറയുന്നു.
പീഡനം സഹിക്കവയ്യാതെ ആയപ്പോഴാണ് യുവതി പരാതിയുമായി എത്തിയത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ അപകടപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതിനാലാണ് ഭയന്നു കേസ് കൊടുക്കാന്‍ വൈകിയതെന്ന് യുവതി പറയുന്നു.
കൊച്ചി മരട് സ്വദേശിയാണ് പി.ആര്‍.സുനു. ഇയാള്‍ നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്റ്റേഷനില്‍ എസ് ഐ ആയി ജോലി ചെയ്യവേ, പരാതിയുമായി എത്തിയ ബിടെക്ക് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ കേസില്‍ റിമാന്‍ഡിലും ആയിട്ടുണ്ട്. ആ കേസ് തുടരുന്നതിനിടെ സി ഐ ആയി കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.
COMMENTS