ദുബായ്: പ്രമുഖ വ്യവസായി അറ്റ്‌ലസ് അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനായ എം എം രാമചന്ദ്രന്‍ ഹൃ...
ദുബായ്: പ്രമുഖ വ്യവസായി അറ്റ്‌ലസ് അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനായ എം എം രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാിരുന്നു.
'അറ്റ്‌ലസ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകമാണ് അദ്ദേഹത്തിന് മലയാളികളുടെ മനസ്സില്‍ ഇടം നേടിക്കൊടുത്തത്. സ്വന്തം സ്ഥാപനത്തിന് അദ്ദേഹം തന്നെ പരസ്യമോഡലാവുകയായിരുന്നു.
തൃശൂരില്‍ വി കമലാകര മേനോന്റെയും എം എം രുഗ്മിണി അമ്മയുടെയും മകനായി 1942 ജൂലൈ 31നാണ് ജനനം.
ഗള്‍ഫ് രാജ്യങ്ങളില്‍ അമ്പതോളം ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയര്‍മാനായിരുന്നു. മലയാളത്തിലെ വമ്പന്‍ ഹിറ്റു ചിത്രങ്ങളായ വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം തുടങ്ങിയവയുടെ നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു.
അറബിക്കഥ, ടു ഹരിഹര്‍ നഗര്‍, മലബാര്‍ വെഡ്ഡിംഗ്, സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരില്‍ സിനിമാനിര്‍മ്മാണ കമ്പനിയും നടത്തിയിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ 2015ല്‍ ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ബിസിനസ് എതിരാളികള്‍ കുടുക്കിയതാണെന്നും ബിസിനസ് വൃത്തങ്ങളില്‍ ശ്രുതിയുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരും പ്രവാസി സംഘടനകളും ഇടപെട്ടാണ് അദ്ദേഹത്തെ ജയില്‍മോചിതനാക്കിയത്. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്നും നല്ല മനസ്സുകാട്ടിയിട്ടുള്ള വ്യക്തിയാണ് രാമചന്ദ്രനെ അദ്ദേഹത്തോട് അടുപ്പുമുള്ളവര്‍ പറയുന്നു.
കേസ് അവസാനിക്കാത്തതിനാല്‍ യുഎഇ വിട്ട് പോകാന്‍ അനുമതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.
വമ്പന്‍ ബിസിനസ് സാമ്രാജ്യം തകര്‍ന്നപ്പോഴും അദ്ദേഹം സധൈര്യം പിടിച്ചുനിന്നു. അതിനു തുണയായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രനായിരുന്നു. വായ്പയെടുക്കാന്‍ ബാങ്കുകള്‍ക്കു നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് രാമചന്ദ്രന്‍ ജയിലിലായത്.
ഭര്‍ത്താവിന്റെ ബിസിനസിലേക്ക് ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, വാടക നല്‍കാന്‍പോലും നിവൃത്തിയില്ലാതെ ഭര്‍ത്താവിനുവേണ്ടി പോരാടുകയായിരുന്നു.
ഇതിനിടെ മകളും മരുമകനും മറ്റൊരു കേസില്‍ ജയിലിലായി. ഇതോടെ, രാമചന്ദ്രന്റെ കുടുംബം കൂടുതല്‍ പ്രതിസന്ധിയിലായി. എന്നിട്ടും ഇന്ദിര ഒറ്റയ്ക്കു പോരാടുകയായിരുന്നു.
34 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ 2015 ഓഗസ്റ്റ് 23നാണ് ദുബായ് പൊലീസ് അറ്റ്ലസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. താല്‍ക്കാലികമായായിരിക്കും അറസ്‌റ്റെന്നാണ് കരുതിയത്. പക്ഷേ, അറസ്റ്റ് വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. ഇതോടെ രാമചന്ദ്രനു മുന്നിലെ കുരുക്കുകള്‍ മുറുകുകയായിരുന്നു.
തകര്‍ച്ചയ്ക്ക് മുമ്പ് 3.5 ദശലക്ഷം ദിര്‍ഹമായിരുന്നു അറ്റ്‌ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം. തകര്‍ച്ചയില്‍ പെട്ടതോടെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാതെ ഷോറൂമിലെ അഞ്ചു മില്യണ്‍ വില വരുന്ന വജ്രങ്ങള്‍ നിസ്സാര തുകയ്ക്ക് വില്‍ക്കുകയായിരുന്നു.
COMMENTS