The race for the post of Congress president is certain. The candidates are Thiruvananthapuram MP Shashi Tharoor and Rajasthan Chief Minister Gehlot
അഭിനന്ദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരം ഉറപ്പായി. തിരുവനന്തപുരം എംപി ശശി തരൂരും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ടുമാണ് സ്ഥാനാര്‍ത്ഥികള്‍.
മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു പറഞ്ഞതോടെയാണ് ശശി തരൂരിനു മത്സരിക്കാന്‍ സോണിയാ ഗാന്ധി അനുമതി നല്കിയത്.
20 വര്‍ഷത്തിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ വരാന്‍ പോകുന്നത്.
സോണിയയോ രാഹുലോ അദ്ധ്യക്ഷരാകുന്നില്ലെങ്കില്‍ മത്സരിക്കുമെന്ന് ശശി തരൂര്‍ നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നവീകരണം ആവശ്യപ്പെടുന്ന ജി-23 ഗ്രൂപ്പിലെ പ്രമുഖനാണ് തരൂര്‍.
സംഘടനാപരമായ പുനഃസ്ഥാപനം വേണമെന്ന ആവശ്യക്കാരനാണ് തരൂര്‍. പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയവരില്‍ തരൂരും ഉള്‍പ്പെട്ടിരുന്നു.
വൈദ്യപരിശോധനയ്ക്കായി വിദേശത്തു പോയിരുന്ന സോണിയ ഇന്നു തിരിച്ചെത്തിയതിനു പിന്നാലെ സോണിയാ ഗാന്ധിയെ തരൂര്‍ കണ്ടിരുന്നു. ഒക്ടോബര്‍ 17-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തരൂരിന് സോണിയ അനുമതി നല്‍കുകയും ചെയ്തു.
മണിക്കൂറുകള്‍ക്കുള്ളില്‍, അശോക് ഗെലോട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന അനൗദ്യോഗിക പ്രഖ്യാപനവും വന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മൂന്ന് ദിവസത്തിനുള്ളില്‍ ആരംഭിക്കും.
ഗാന്ധി കുടുംബത്തിന്റെ ഉത്തമ വിശ്വസ്തനാണ് ഗെലോട്ട്. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി തിരികെ കൊണ്ടുവരാന്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷേ, മുഖ്യമന്ത്രിപദം ഒഴിഞ്ഞാല്‍ താന്‍ പറയുന്നയാളെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കണമെന്ന ഗെലോട്ടിന്റെ ആവശ്യത്തോട് സോണിയയ്ക്കും രാഹുലിനും താത്പര്യമില്ലെന്നും കേള്‍ക്കുന്നുണ്ട്.
2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സോണിയ് ഗാന്ധി വീണ്ടും ചുമതലയേറ്റത്.
'ഭാരത് ജോഡോ' യാത്ര നയിക്കുന്ന തിരക്കിലാണ് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന ഒരു വിഭാഗം നേതാക്കളുടെ നിരന്തര ആവശ്യത്തിന് രാഹുല്‍ വഴങ്ങിയിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 'സുതാര്യതയും നീതിയും' വേണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ ഉള്‍പ്പെടെ നേതാക്കള്‍ കഴിഞ്ഞയാഴ്ച എഐസിസിയുടെ തിരഞ്ഞെടുപ്പ് വിഭാഗത്തിനു കത്തയച്ചിരുന്നു. വോട്ടര്‍മാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്നും ഈ കത്തില്‍ ആവശ്യമുന്നയച്ചിരുന്നു.
കപില്‍ സിബല്‍, ജയ്വീര്‍ ഷെര്‍ഗില്‍, സുനില്‍ ത്ധഖര്‍, അമരീന്ദര്‍ സിംഗ്, ആര്‍പിഎന്‍ സിംഗ്, അശ്വനി കുമാര്‍, ഹാര്‍ദിക് പട്ടേല്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദാണ് പാര്‍ട്ടി വിട്ടവരിലെ അവസാനത്തെയാള്‍. പാര്‍ട്ടി ജമ്മു കശ്മീര്‍ ഘടകത്തിലെ മിക്ക നേതാക്കളും ഗുലാം നബിക്കൊപ്പമാണ്. ബിജെപി പക്ഷത്തേയ്ക്കു ഗുലാം നബി ചായുന്നുവെന്നാണ് ശ്രീനഗറില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍.
Summary: The race for the post of Congress president is certain. The candidates are Thiruvananthapuram MP Shashi Tharoor and Rajasthan Chief Minister Ashok Gehlot, a confidant of the Gandhi family. Sonia Gandhi gave permission to Shashi Tharoor to contest when Rahul Gandhi repeatedly said that he would not contest.
COMMENTS