തിരുവനന്തപുരം : സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് സംഘപരിവാർ ബ്രിട്ടിഷുകാർക്കൊപ്പമാണ് നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി.ഡി.സവർക്കറെ സ...
തിരുവനന്തപുരം : സ്വാതന്ത്ര്യ സമരം നടന്ന കാലത്ത് സംഘപരിവാർ ബ്രിട്ടിഷുകാർക്കൊപ്പമാണ് നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വി.ഡി.സവർക്കറെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുസ്മരിച്ചതിനെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാവാൻ
ചരിത്രം തിരുത്തുകയാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രി ഡൽഹിയിൽ ഒരാളുടെ പേര് പരാമർശിച്ചു. സ്വാതന്ത്ര്യസമര സേനാനിയായി അദ്ദേഹത്തെ ചിത്രീകരിക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന്റെ പ്രത്യേകത എന്താണ്?
സ്വാതന്ത്ര്യ സമര കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനു മാപ്പെഴുതിക്കൊടുത്തു എന്നതാണ് പ്രത്യേകത.
ഗാന്ധി വധത്തിൽ പ്രതിയായ അദ്ദേഹത്തിന് പ്രധാനമന്ത്രി ഇന്ന് വലിയൊരു ബഹുമതി ചാർത്തിക്കൊടുക്കുന്നു.
ചരിത്രം തിരുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരുടേതല്ല ചരിത്രം. സ്വാന്ത്ര്യസമര കാലഘട്ടത്തിൽ ബ്രിട്ടിഷുകാർക്കൊപ്പം നിന്ന് ദേശീയ പ്രസ്ഥാനത്തെ വഞ്ചിക്കാൻ നേതൃത്വം കൊടുത്തവരുടേതല്ല.
ആ സമരത്തിൽ അനേകം പേർ ജീവൻ വെടിഞ്ഞിട്ടുണ്ട്. ഒരുപാട് ആളുകൾ കടുത്ത യാതനകളും പീഡനങ്ങളും ജയിലറകളിൽ അനുഭവിച്ചു.
വലിയ തോതിലുള്ള മർദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തൂക്കുമരത്തിനു മുന്നിലും പതർച്ചയില്ലാതെ അതിനെ നേരിട്ടവരാണ് സ്വാതന്ത്ര്യസമര പോരാളികൾ.
അവരെയെല്ലാം മാറ്റി നിറുത്തിക്കൊണ്ട് ചരിത്രത്തിന്റെ ഭാഗമല്ലാത്ത ആളുകളെ യഥാർഥ സ്വാതന്ത്ര്യസമര സേനാനികളാക്കുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്.
അന്നത്തെ സംഘപരിവാർ വൈസ്രോയിയുടെ മുന്നിൽപ്പോയി പറഞ്ഞ കാര്യമുണ്ട്. നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ നിങ്ങൾക്കെതിരല്ല, നിങ്ങളുടെ കൂടെയാണ്.
അതായത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനൊപ്പം ഞങ്ങളില്ലെന്നു പറയാൻ തയ്യാറായ ഒരു വിഭാഗത്തിന്റെ പിന്തുടർച്ചക്കാർ ഇപ്പോൾ സ്വാതന്ത്ര്യസമരത്തിന്റെ നേർ അവകാശികളായി മാറാൻ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണ്.
ഗോൾവാൾക്കറുടെയും സവർക്കറുടെയും ആശയങ്ങൾ പിന്തുടരുന്ന വർഗീയവാദികൾ ഇന്ത്യയുടെ നിർമാണത്തിനു പിന്നിലെ ദേശീയതയുടെ വിശാല സങ്കൽപ്പത്തെ അതിന്റെ മതനിരപേക്ഷ സ്വഭാവത്തെ തന്നെ അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നു പിണറായി ആരോപിച്ചു.
ആ വർഗീയവാദികളാലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നയിക്കപ്പെടുന്നതെന്നും പിണറായി പറഞ്ഞു.
COMMENTS