Current reports suggest that Pakistan is inclined to participate in this peacekeeping force. Pakistan's Defence Minister Khawaja Asif reportedly state
എന്‍ പ്രഭാകരന്‍
ദുബായ്: ഭീകരരെ പരിരക്ഷിക്കുന്ന സേനാ മേധാവിയെന്ന പേരുദോഷം മാറ്റിയെടുക്കാനാണോ പാകിസ്ഥാന്റെ പട്ടാളത്തലവന്‍ അസിം മുനീര്‍ ഗാസയിലേക്ക് 20,000 പാക് പട്ടാളക്കാരെ സമാധാന പാലനത്തിന് അയക്കുന്നതെന്നാണ് അറബ് ലോകത്തെ ഇപ്പോഴത്തെ ചോദ്യം. ഹമാസ് തീവ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുനീറിനെ എന്ത് അടിസ്ഥാനത്തിലാണ് അമേരിക്കയും ഇസ്രയേലും ഗാസയിലേക്കു ക്ഷണിക്കുന്നതെന്നും ലോകം കൗതുകത്തോടെ വീക്ഷിക്കുകയാണ്.
ഗാസയെ 'ഭീകരമുക്ത മേഖല' ആക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക അവിടേക്ക് അന്താരാഷ്ട്ര സ്ഥിരാത സേനയെ വിന്യസിക്കാന്‍ ലക്ഷ്യമിടുന്നത്. ഈ സേനയിലേക്കു സൈന്യത്തെ അയക്കുന്ന കാര്യം പാകിസ്ഥാന്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന പാകിസ്ഥാന്റെ ദീര്‍ഘകാല നയത്തിനും പലസ്തീന്‍ ജനതയ്ക്കുള്ള ശക്തമായ പിന്തുണയ്ക്കും വിരുദ്ധമാണ് ഈ നീക്കം. ഹമാസ് പോലുള്ള ഗ്രൂപ്പുകളെ നിരായുധമാക്കാന്‍ ഇസ്രായേലുമായി ഏകോപിപ്പിക്കേണ്ടി വരുന്ന യുഎസ് പിന്തുണയുള്ള സേനയില്‍ ചേരുന്നത് രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പാക് ജനതയില്‍ വലിയൊരു വിഭാഗം കണക്കാക്കുന്നു.
ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ശക്തമായ പൊതുവികാരത്തിനും മത-ദേശീയ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് വലിയ എതിര്‍പ്പിനും കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പാക് പ്രതിപക്ഷവും വിശകലന വിദഗ്ദ്ധരും ഈ സമാധാന പദ്ധതിയെ പലസ്തീന്‍ അവകാശങ്ങളോടുള്ള 'കീഴടങ്ങല്‍' ആയിട്ടാണ് വിമര്‍ശിക്കുന്നത്.
സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, സര്‍ക്കാരിന്റെയും സൈനിക സ്ഥാപനത്തിന്റെയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പറയുന്ന. തീരുമാനം എടുക്കുന്നതിനുമുമ്പ് പാര്‍ലമെന്റുമായി കൂടിയാലോചിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മധ്യസ്ഥതയില്‍ രൂപം നല്‍കിയ സമാധാന ഉടമ്പടിയുടെ ഭാഗമാണ് അന്താരാഷ്ട്ര സ്ഥിരതാ സേന. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതിയുടെ സേന.
അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ ചുമതലകള്‍:
# ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക.
# ഹമാസിനെ നിരായുധമാക്കാന്‍ സഹായിക്കുക.# അതിര്‍ത്തി കടമ്പകളില്‍ സുരക്ഷ നല്‍കുക.
# പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കുക.
# താത്കാലിക പലസ്തീനിയന്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുക.
സ്ഥിരതാ സേനയിലെ അംഗങ്ങള്‍: പ്രധാനമായും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള സൈനികരെ ഉള്‍പ്പെടുത്തിയാണ് ഈ സേന രൂപീകരിക്കുന്നത്. പാകിസ്ഥാനൊപ്പം ഇന്തോനേഷ്യ, മലേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളും സൈന്യത്തെ അയയ്ക്കുന്നത് പരിഗണിക്കുന്നുണ്ട്.
പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറയുന്നതനുസരിച്ച്, സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍, സൈനിക തലങ്ങളിലുള്ള ചര്‍ച്ചകള്‍ 'പുരോഗമിക്കുകയാണ്' എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് പാക് ഭരണകൂടം കരുതുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് സര്‍ക്കാരും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പാര്‍ലമെന്റിനെയും മറ്റ് സ്ഥാപനങ്ങളെയും വിശ്വാസത്തിലെടുക്കുമെന്ന് പ്രതിരോധ മന്ത്രി പറയുന്നു.
ഇസ്രായേലുമായി സഹകരിക്കുന്ന രീതിയിലുള്ള ഒരു ദൗത്യത്തില്‍ പങ്കുചേരുന്നത് പലസ്തീന്‍ ജനതയോടുള്ള വിശ്വാസവഞ്ചനയായി പൊതുജനം സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പല മത-രാഷ്ട്രീയ ഗ്രൂപ്പുകളും ഈ നീക്കത്തെ ഇതിനകം തന്നെ എതിര്‍ത്തിട്ടുണ്ട്. ഔദ്യോഗികമായി ഇസ്രായേലിനെ അംഗീകരിക്കാത്ത പാകിസ്ഥാന്, ഇസ്രായേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടിവരുന്ന ദൗത്യം നയപരമായി വലിയ പ്രതിസന്ധി സൃഷ്ടിക്കും.
സേനാ വിന്യാസത്തിനുള്ള നിയമപരമായ ചട്ടക്കൂട് സംബന്ധിച്ച് വ്യക്തതയില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിലാകണം വിന്യാസം എന്നാണ് പാകിസ്താന്റെ ആഗ്രഹം. അതു പക്ഷേ, ഇസ്രായേല്‍ സമ്മതിക്കാന്‍ വഴിയില്ല.
![]() |
മുനീര്‍ എന്നും തന്ത്രശാലിയായ ഒരു കുറുക്കനാണെന്നത് ഇന്ത്യയും ശ്രദ്ധിക്കേണ്ടതുണ്ട്. മുനീറിനെ വിലകുറച്ചു കണ്ടിരുന്നവരില്‍ പ്രധാനിയാണ് പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍. 2018-ല്‍ മുനീറിനെ ഐ.എസ്.ഐ. മേധാവിയായി നിയമിച്ചത് ഇമ്രാനാണ്. ഒന്‍പത് മാസങ്ങള്‍ക്കുശേഷം ഇമ്രാന്‍ തന്നെ മുനീറിനെ പുറത്താക്കി. ഇമ്രാന്റെ ഭാര്യയായ ബുഷ്‌റ ബീബിയുടെ അഴിമതിയെക്കുറിച്ച് മുനീര്‍ ധൈര്യപൂര്‍വം അദ്ദേഹത്തെ അറിയിച്ചതാണ് പുറത്താക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും കുറഞ്ഞ കാലം ഐ.എസ്.ഐ. മേധാവിയായതിന്റെ അപമാനം മുനീര്‍ മറന്നില്ല. തിരിച്ചടിക്കാന്‍ മുനീര്‍ സമയം കാത്തിരുന്നു. 2022 ഏപ്രിലില്‍ സൈനിക പിന്തുണയോടെയുള്ള 'പാര്‍ലമെന്ററി അട്ടിമറി'യിലൂടെ ഇമ്രാന്‍ പുറത്തായതിനുശേഷം മുനീറിന് അവസരം ലഭിച്ചു. ഇമ്രാനെ എതിര്‍ത്ത ഭരണസഖ്യത്തിന്റെ പിന്തുണയോടെ അദ്ദേഹം നവംബറില്‍ സൈനിക മേധാവിയായി. മാസങ്ങള്‍ക്കകം, വിവിധ അഴിമതി കേസുകളില്‍ ഇമ്രാനെ ജയിലിലാക്കി. ഈ വര്‍ഷം ആദ്യം മുന്‍ പ്രധാനമന്ത്രിക്ക് 14 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്നതിനും മുനീര്‍ വഴിയൊരുക്കി.
ലോകത്തിലെ ആറാമത്തെ വലിയ സൈന്യവും ആണവായുധ ശേഖരവുമുള്ള, അരലക്ഷത്തോളം അംഗങ്ങളുള്ള ഒരു സൈന്യത്തിന്റെ തലവനാണ് മുനീര്‍. ഐ.എസ്.ഐ. മേധാവിയായും മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ച ചുരുക്കം പാക് ജനറല്‍മാരില്‍ ഒരാളാണ് മുനീര്‍. അതിനാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ആസൂത്രിതമായിരിക്കും. സിംല കരാര്‍ പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതു തന്നെ ഇതിനു തെളിവായിരുന്നു.
![]() |
ഇമ്രാന്റെ അറസ്റ്റിനെത്തുടര്‍ന്ന് സൈന്യത്തില്‍ അഭൂതപൂര്‍വമായ ആഭ്യന്തര ഭിന്നത ഉണ്ടായെങ്കിലും, മുനീര്‍ അദ്ദേഹത്തെ എതിര്‍ത്ത കോര്‍ കമാന്‍ഡര്‍മാരെപ്പോലും നീക്കം ചെയ്ത് വിശ്വസ്തരെ നിയമിച്ചു.
പാകിസ്ഥാന്റെ സുരക്ഷാ മേധാവിയായി എന്നതിലുപരി, ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയ അധികാരത്തിന്റെ എല്ലാ ചാലകങ്ങളെയും നിയന്ത്രിക്കുന്നതും മുനീര്‍ തന്നെയാണ്. സൈന്യത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സിലിലൂടെ മുനീര്‍ രാജ്യത്തിന്റെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പോലും നിയന്ത്രിക്കുന്നു.
ഇമ്രാന്‍ അനുകൂലികളെ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ ഭേദഗതി പാസാക്കി സുപ്രീം കോടതിയെ 'ശുദ്ധീകരിച്ചു'. കൂടാതെ, തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി അഞ്ച് വര്‍ഷമായി നീട്ടുന്നതിനുള്ള മറ്റൊരു ഭേദഗതിയും അദ്ദേഹം പാസാക്കി. ഇത് 2027 വരെ അദ്ദേഹത്തെ അധികാരത്തില്‍ തുടരാന്‍ സഹായിക്കും.
തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനെ (ടി.ടി.പി.) പിന്തുണച്ചതിന് അഫ്ഗാന്‍ താലിബാനോട് അദ്ദേഹം കടുത്ത സമീപനം സ്വീകരിച്ചു. 2023 അവസാനത്തോടെ 1,50,000-ത്തിലധികം അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുറത്താക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിരന്തരം ബോംബ് വര്‍ഷം നടത്തുന്നതും മുനീറിന്റെ പദ്ധതി തന്നെയാണ്. ഇറാന്‍ പാക് അതിര്‍ത്തിക്കുള്ളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, ഇറാനിയന്‍ മണ്ണിലേക്ക് മിസൈല്‍ തൊടുക്കാനും മുനീര്‍ മടിച്ചില്ല.
ഇസ്ലാമിസ്റ്റ് ദേശീയത ഉയര്‍ത്തിക്കാട്ടുന്ന മുനീറിനെ പക്ഷേ, ഇസ്രയേല്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. പാകിസ്ഥാന്റെ സൈദ്ധാന്തിക അതിര്‍ത്തികളുടെയും സംരക്ഷകരാണ് സൈന്യമെന്ന് മുനീര്‍ പറയുന്നു. 2023 ഓഗസ്റ്റില്‍ ഒരു ഗോത്ര കൗണ്‍സിലിനെ അഭിസംബോധന ചെയ്യവേ, 'ലോകത്തിലെ ഒരു ശക്തിക്കും പാകിസ്താനെ ദ്രോഹിക്കാന്‍ കഴിയില്ല. നമ്മള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് (വിശുദ്ധയുദ്ധം) നടത്തുകയാണ്, വിജയം നമ്മുടേതായിരിക്കും. രക്തസാക്ഷിയാവുക (ശഹീദ്) അല്ലെങ്കില്‍ ജിഹാദില്‍ പങ്കെടുക്കുന്നവന്‍ (ഗാസി) ആവുക എന്നതാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം,' എന്ന് പ്രഖ്യാപിച്ച മുനീറിനെ തന്നെയാണ് ഗാസയില്‍ ഹമാസ് പോരാളികള്‍ക്കെതിരേ നിറുത്താന്‍ പോകുന്നതെന്നതും ചരിത്രത്തിലെ വൈരുദ്ധ്യമാവാം. 'ജിഹാദി ജനറല്‍' എന്ന വിളിപ്പേര് മുനീറിനു വന്നതും ഈ പ്രസംഗത്തിനു ശേഷമാണ്.
![]() |
2025 ഫെബ്രുവരി 5ന്, ഹമാസിലെ മുതിര്‍ന്ന നേതാക്കള്‍ അധിനിവേശ കശ്മീരിലെ റാവല്‍കോട്ടില്‍ നടന്ന ഒരു വലിയ പൊതു റാലിയില്‍ പങ്കെടുത്തിരുന്നു. 'കശ്മീര്‍ ഐക്യദാര്‍ഢ്യവും ഹമാസിന്റെ ഓപ്പറേഷന്‍ അല്‍ അഖ്സാ ഫ്‌ലഡും' എന്ന പേരില്‍ നടന്ന ഈ പരിപാടിയില്‍ ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെ ഉന്നത നേതാക്കളും പങ്കെടുത്തു. കശ്മീരിലെ ജിഹാദി പ്രവര്‍ത്തനങ്ങളെ പലസ്തീന്‍ പോരാട്ടവുമായി ബന്ധിപ്പിക്കാനുള്ള പാന്‍-ഇസ്ലാമിക് ഭീകരവാദികളുടെ ശ്രമമായാണ് ഈ ഒത്തുചേരല്‍ നടന്നത്.
ഇതെല്ലാമാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, മുനീറിനെ ഏതു തരത്തിലാണ് ഇസ്രയേലും അമേരിക്കയും ഉപയോഗപ്പെടുത്തുക എന്നു കാത്തിരുന്നു കാണേണ്ടതുണ്ട്. ഉറ്റ ചങ്ങാതിയായ ഇന്ത്യയെ പിണക്കിക്കൊണ്ട് പാകിസ്ഥാനെ കൂടെക്കൂട്ടാന്‍ ഒരിക്കലും ഇസ്രയേല്‍ ശ്രമിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍, ഇസ്രയേലും മൊസാദും ലക്ഷ്യമിടുന്ന ഗെയിം പ്‌ളാന്‍ എന്തെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.വാല്‍ക്കഷണം: ഗാസയില്‍ ഹമാസിന്റെ രക്ഷകരായി ഇസ്രയേലിനു നാളെ പാക് പട്ടാളം പണികൊടുത്താലും അതിശയിക്കേണ്ടതില്ല.






COMMENTS