CPM state secretary Kodiyeri Balakrishnan also said that the election result would be an assessment of the government's performance
റോയ് പി മാത്യു
തിരഞ്ഞെടുപ്പു ഫലം പക്ഷേ, സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും നെഞ്ചിലേറ്റ കുത്തായി മാറുകയാണ്. ഈ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പറഞ്ഞതുമാണ്.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചത്. ഇത്രയും വലിയൊരു വിജയം യുഡിഎഫ് നേടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹനന്‍ പറഞ്ഞു. സിപിഎം ഒരിക്കലും ഇൗ തിരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞിട്ടില്ലെന്നും മോഹനന്‍ പറയുകയുണ്ടായി.
എന്നാല്‍, കെ റെയില്‍ ഉള്‍പ്പെടെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞായിരുന്നു സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. തുടക്കത്തില്‍ വികസനമായിരുന്നു തൃക്കാക്കരയിലെ ചര്‍ച്ചയെങ്കിലും പിന്നീട് അത് അശ്ലീലത്തിലേക്കു വരെ വഴിമാറുന്നതും കാണാനായി.
ഈ തിരഞ്ഞെടുപ്പ് മുന്നില്‍ നിന്നു നയിച്ചത് സാക്ഷാല്‍ പിണറായി വിജയന്‍ നേരിട്ടായിരുന്നു. അതിനാല്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഇൗ തിരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. വികസനത്തിന് വോട്ട് എന്നു പറഞ്ഞായിരുന്നു പിണറായി തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്.
അമേരിക്കയില്‍ ചികിത്സയിലായിരുന്ന പിണറായി അതു പകുതിയില്‍ മതിയാക്കിയാണ് നാട്ടിലെത്തി തൃക്കാക്കരയില്‍ ഏതാണ്ട് തമ്പടിച്ചു പ്രചരണം നടത്തിയത്. മിക്കവാറും എല്ലാ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരുമെല്ലാം തൃക്കാക്കരയില്‍ തന്നെ താമസിച്ചു പ്രചരണം നടത്തുകയായിരുന്നു. സഭയിലെ അംഗസംഖ്യ നൂറു തികയ്ക്കുമെന്നു പറഞ്ഞായിരുന്നു സിപിഎം ഡോ. ജോ ജോസഫിനെ രംഗത്തിറക്കിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ രാവിലെ തന്നെ എത്തി.
യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. സര്‍വീസ്, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോഴും ഉമാ തോമസ് തന്നെയായിരുന്നു മുന്നില്‍. അങ്ങനെ തുടക്കം മുതല്‍ ഉമ മുന്നില്‍ തന്നെയായിരുന്നു.
മിക്കവാറും എല്ലാ ബൂത്തിലും ഉമയ്ക്കു തന്നെയായിരുന്നു ലീഡ് എന്നത് വളരെ ശ്രദ്ധേയമാണ്. ഇതോടെ, തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയായി മാറുകയാണ്. കെ റെയില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഇനി എന്തു ന്യായീകരണമായിരിക്കും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുകയെന്നു കണ്ടറിയണം.
Keywords: Thrikkakara, By-election, CPM, Pinarayi government, Left Front, Kodiyeri Balakrishnan, Uma Thomas, PT Thomas, Joe Joseph, BJP, KN Radhakrishnan
COMMENTS