The Congress party has nominated Uma Thomas as the UDF candidate in the by-elections to be held in Thrikkakara constituency
തിരുവനന്തപുരം : തൃക്കാക്കര മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച കെപിസിസി നിര്‍ദേശം പാര്‍ട്ടി ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. തൃക്കാക്കര എംഎല്‍എ ആയിരുന്ന പി ടി തോമസിന്റെ വിധവയാണ് ഉമാ തോമസ്.
ഉമയുടെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദ്ദേശിച്ചതും. കെ.എസ്.യു മുന്‍ നേതാവ് കൂടിയായ ഉമയ്ക്കു മണ്ഡലം നിലനിറുത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം.ഹസ്സന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സംബന്ധിച്ച യോഗത്തില്‍ ഉമാ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത്.
സീറ്റിനായി പലരും രംഗത്തുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം അവരെയൊന്നും പരിഗണിച്ചില്ല. യോഗത്തിന് മുന്‍പേ തന്നെ വിവിധ നേതാക്കളുമായി കെ സുധാകരനും വി ഡി സതീശനും ആശയവിനിമയം നടത്തിയിരുന്നു.
ഇതേസമയം, വിവിധ കോണുകളില്‍ നിന്ന്് ഉമയ്‌ക്കെതിരേ എതിര്‍പ്പും ഉയരുന്നുണ്ട്. തൃക്കാക്കരയില്‍ വികസനത്തിനൊപ്പം നില്‍ക്കുമെന്ന പ്രസ്താവനയിലൂടെ കെ.വി. തോമസ് നല്‍കിയ സൂചന കെപിസിസി നേതൃത്വം ശ്രദ്ധിച്ചിരുന്നു. ഡൊമിനിക് പ്രസന്റേഷനും സമാനമായ ചില സൂചനകള്‍ വാക്കുകളിലൂടെ നല്കിയിരുന്നു.
തൃക്കാക്കരയില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി ഉമയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. പി.ടി തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
തന്നെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡിന് ഉമ നന്ദി അറിയിച്ചു. പി ടി തോമസിനൊപ്പം നിന്ന തൃക്കാക്കര തന്നെയും കൈവിടില്ലെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കിടപ്പാടങ്ങളില്‍ നിന്നു പാവപ്പെട്ടവരെ കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് ഉമാ തോമസ് പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും തെരുവില്‍ വലിച്ചിഴയ്ക്കുന്നവര്‍ക്ക് എതിരെ ജനം വോട്ടു രേഖപ്പെടുത്തുമെന്നും ഉമാ തോമസ് പറഞ്ഞു.
എല്‍ഡിഎഫിനെ 100 സീറ്റ് കടക്കാന്‍ താന്‍ അനുവദിക്കില്ല. മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണും. വയലാര്‍ രവിയോട് ഫോണില്‍ സംസാരിച്ചെന്നും ഉമ തോമസ് പറഞ്ഞു.
നിലപാടുകളുടെ രാജകുമാരനായി കരുതുന്ന പി ടി തോമസിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വം. പി ടിയുടെ നിലപാടുകള്‍ താന്‍ തുടരും. പി ടി പകുതിയിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കെ വി തോമസും ഡൊമനിക് പ്രസന്റേഷനും മറ്റും തനിക്കെതിരായി ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അത്രയ്ക്ക് ആത്മബന്ധം തന്റെ കുടുംബത്തോട് അവര്‍ക്കെല്ലാമുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.
Summary: The Congress party has nominated Uma Thomas as the UDF candidate in the by-elections to be held in Thrikkakara constituency. The party high command had approved the KPCC proposal in this regard.
COMMENTS