KV Thomas, a senior Congress leader and former Union Minister who attended the Left Front's election convention, was expelled from the Congress party
സ്വന്തം ലേഖകന്‍
കൊച്ചി: ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.
എഐസിസിയുടെ അംഗീകാരത്തോടെയാണ് പുറത്താക്കലെന്നും അദ്ദേഹം പറഞ്ഞു. ഇനി കാത്തിരിപ്പില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് കെ പി സി സി ഉത്തരവ് ഇറക്കിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് നേരത്തെ പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്നു കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുറത്താക്കല്‍.
കേന്ദ്ര മന്ത്രി, സംസ്ഥാന മന്ത്രി, എംപി, എംഎല്‍എ തുടങ്ങി നിരവധി പദവികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നല്കിയെങ്കിലും തൃപ്തിവരാതെയാണ് കെ വി തോമസ് ഇപ്പോള്‍ ഇടതു പക്ഷത്തോട് അടുക്കുന്നത്. തനിക്ക് മാന്യമായ പരിഗണയും സ്ഥാനമാനങ്ങളും കിട്ടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരിദേവനം.
സംസ്ഥാനത്തിന്റെ പുരോഗതിക്കും ഗതാഗത വികസനത്തിനും കെ-റെയില്‍ പദ്ധതി ആവശ്യമാണെന്ന് ഇന്ന് പാലാരിവട്ടത്ത് ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് കെവി തോമസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലേക്കു വന്നത്. സഖാവ് കെ വി തോമസ് എന്നു വിളിച്ചാണ് ഇടത് അനുകൂലികള്‍ അദ്ദേഹത്തെ എതിരേറ്റത്.
ഒരു മണിക്കൂര്‍ ബ്ലോക്കില്‍ പെട്ടതുകൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു.
കെ റെയില്‍ വരേണ്ട ആവശ്യകത ഇതു തന്നെയാണെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു. സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എല്‍ഡിഎഫിലേയും സിപിഐഎമ്മിലേയും മറ്റു നേതാക്കളും സന്നിഹിതരായിരുന്നു.
പുതിയ പദ്ധതികള്‍ക്ക് എതിര്‍പ്പ് സ്വാഭാവികമാണ്. കൊച്ചി മെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ പല പ്രതിസന്ധികള്‍ തരണം ചെയ്താണ് യാഥാര്‍ഥ്യമാക്കിയത്.
പ്രതിസന്ധികള്‍ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ കരുത്തുള്ള ജനനായകര്‍ക്കേ കഴിയൂ. പിണറായി വിജയന് ആ കരുത്തുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനം വികസനത്തിനൊപ്പം നില്‍ക്കുമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫിനായി സജീവ പ്രചരണത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനു ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
Summary: KV Thomas, a senior Congress leader and former Union Minister who attended the Left Front's election convention, was expelled from the Congress party. KPCC president K Sudhakaran said that the action was taken in the name of anti-party activities.
COMMENTS