Russian President Vladimir Putin has said that Ukraine will not exist in the future if the current level of resistance continues
ന്യൂസ് ഡെസ്‌ക്
കീവ് : ഇന്നത്തെ നിലയില്‍ പ്രതിരോധം തുടര്‍ന്നാല്‍, യുക്രെയിന്‍ എന്നൊരു രാജ്യം ഭാവിയില്‍ ഭൂമുഖത്തുണ്ടാവില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
യുക്രെയിനെ പൂര്‍ണമായും റഷ്യയുടെ ഭാഗമാക്കുമെന്നാണ് പുട്ടിന്‍ പറയുന്നതിന്റെ സാരം. അത്തരത്തില്‍ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇപ്പോല്‍ യുക്രെയിനെ നയിക്കുന്നവര്‍ക്കായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.
യുദ്ധം പത്താം ദിവസത്തിലേക്കു കടക്കുമ്പോള്‍ പത്തു ലക്ഷത്തോളം പേര്‍ യുക്രെയിനില്‍ നിന്ന് പലായനം ചെയ്തുകഴിഞ്ഞു. നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
ഇതേസമയം, യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക സഹായത്തിനായി യൂറോപ്യന്‍ രാജ്യങ്ങളോട് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. യുക്രേനിയന്‍ പൈലറ്റുമാര്‍ക്ക് റഷ്യന്‍ നിര്‍മ്മിത വിമാനങ്ങള്‍ പറത്താനാണ് വൈദഗ്ദ്ധ്യമുള്ളതെന്നും അതിനാല്‍ അത്തരം വിമാനങ്ങള്‍ കൈമാറണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
യുക്രെയിനു മേല്‍ വ്യോമ നിരോധിത മേഖല പ്രഖ്യാപിച്ചാല്‍ യുദ്ധം വ്യാപക പോരാട്ടത്തിലേക്കു വഴിമാറുമെന്ന് നാറ്റോ രാജ്യങ്ങള്‍ക്കു പുടിന്‍ മുന്നറിയിപ്പു നല്കി. നോ-ഫ് ളൈ സോണ്‍ പ്രഖ്യാപിക്കാത്തതിനു നാറ്റോയെ സെലെന്‍സ്‌കി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അത്തരമൊരു നടപടി സ്വീകരിച്ചാല്‍ 'യൂറോപ്പിന് മാത്രമല്ല, ലോകമെമ്പാടും രൂക്ഷവും വിനാശകരവുമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് പുടിന്‍ മുന്നറിയിപ്പു നല്കി. ഈ ദിശയിലുള്ള ഏതൊരു നീക്കവും ആ രാജ്യം നടത്തുന്ന സായുധ പോരാട്ടത്തിലെ പങ്കാളിത്തമായി ഞങ്ങള്‍ കണക്കാക്കുമെന്നായിരുന്നു പുടിന്റെ ഭീഷണി.
ഇതേമയം, അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക ഉപരോധം റഷ്യയെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയിലെ വ്യവസായ മേഖലകളിലുടനീളമുള്ള പ്രധാന വിദേശ പങ്കാളികളെല്ലാം പിന്‍വാങ്ങിയിരിക്കുകയാണ്. യുഎസ് അധിഷ്ഠിത സാങ്കേതിക സ്ഥാപനങ്ങളായ ഇന്റല്‍, എയര്‍ ബിഎന്‍ബി മുതല്‍ ഫ്രഞ്ച് ആഡംബര ഭീമന്മാരായ എല്‍വിഎംഎച്ച്, ഹെര്‍മിസ്, ചാനല്‍ എന്നിവ ഉള്‍പ്പെടെ റഷ്യയിലെ ഇടപാടുകള്‍ നിര്‍ത്തിവച്ചു. റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലെ അന്താരാഷ്ട്ര ഉപരോധം പരിഗണിച്ച് വിസയും മാസ്റ്റര്‍ കാര്‍ഡും റഷ്യയിലെ ഇടപാടുകള്‍ നിറുത്തിവച്ചു.
റഷ്യയ്‌ക്കെതിരായ ഉപരോധം കടുപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ സെനറ്റര്‍മാരോടും വീഡിയോ പോസ്റ്റിലൂടെ സെലന്‍സ്‌കി സഹായം തേടി. അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ 10 ബില്യണ്‍ ഡോളറിന്റെ അധിക സഹായ പാക്കേജ് യുക്രെയിനു വാഗ്ദാനം ചെയ്തു.
റഷ്യന്‍ എണ്ണ ഇറക്കുമതി നിറുത്തണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന അമേരിക്ക പക്ഷേ, ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. എണ്ണവില വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും റെക്കോര്‍ഡ് പണപ്പെരുപ്പം മൂലം ഇതിനകം തന്നെ വലയുന്ന യുഎസ് ഉപഭോക്താക്കളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ഭയന്നാണ് അമേരിക്ക എണ്ണ ഇറക്കുമതി നിറുത്താത്തത്.
അസോസ് കടല്‍ തീരത്തെ തന്ത്രപ്രധാന നഗരമായ മരിയുപോള്‍ളില്‍ ദിവസങ്ങളായി തുടരുന്ന കൊടും പോരാട്ടതിനിടെ ജനങ്ങള്‍ പട്ടിണി മരണത്തിന്റെ വക്കിലാണ്. ഇവിടെ വൈദ്യുതിയും ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയാണ്. മാനുഷിക പരിഗണന വച്ച് ഇവിടെ കുടുങ്ങിയവര്‍ക്കു രക്ഷപ്പടാന്‍ ഇടനാഴി തുറക്കാന്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇവിടെ നിന്നു നാലര ലക്ഷത്തോളം പേര്‍ ബസിലും സ്വകാര്യ കാറുകളിലും രക്ഷപ്പെടുകയാണ്. ഇവിടെ കുടുങ്ങിയ ഇന്ത്യക്കാരും രക്ഷപ്പെട്ടു പോകുന്നുണ്ട്.
മാരക ആക്രമണം അഴിച്ചുവിട്ടുകൊണ്‍ണ്ട് റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവിനോട് അടുക്കുകയാണ്്. ഇതിനടുത്ത് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബുച്ച, ഇര്‍പിന്‍ തുടങ്ങിയ നഗരങ്ങളിലും പോരാട്ടം രൂക്ഷമാണ്. ഇവിടെ മാരക വ്യോമാക്രമണവും തുടരുകയാണ്. ഇതോടെ, പിടിച്ചുനില്ക്കാമെന്ന ചിന്ത വിട്ട് ജനം ഇവിടെനിന്നു പലായനം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
COMMENTS