കീവ്: യുദ്ധത്തില്‍ അടിക്കടി തിരിച്ചടി നേരിടുകയും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവാതെ വരികയും ചെയ്തതോടെ റഷ്യന്‍ സേന ലക്കും ലഗാനുമില്ലാതെ യുക...
കീവ്: യുദ്ധത്തില്‍ അടിക്കടി തിരിച്ചടി നേരിടുകയും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവാതെ വരികയും ചെയ്തതോടെ റഷ്യന്‍ സേന ലക്കും ലഗാനുമില്ലാതെ യുക്രെയിനില്‍ സാധാരണക്കാരെ വേട്ടയാടുന്നു.
ചെര്‍ണിവില്‍ ഭക്ഷണം വാങ്ങാന്‍ നിന്ന 10 പേരെ റഷ്യന്‍ സേന വെടിവച്ചു കൊന്നു. കീവിലെ അമേരിക്കന്‍ എംബസിയാണ് വെടിവയ്പ്പു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ പത്തു മണിയോടെയായിരുന്നു റഷ്യന്‍ ആക്രമണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
റഷ്യയുടെ രണ്ടു സുഖോയ് പോര് വിമാനങ്ങള്‍ ഇന്നു രാവിലെ വീഴ്ത്തിയതായി യുക്രെയിന് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു സാധാരണക്കാര്‍ക്കു നേരേ വെടിവയ്പ്പുണ്ടായത്. എസ് യു 30 വിമാനങ്ങള്‍ തങ്ങളുടെ വിമാനവേധ മിസൈല്‍ യൂണിറ്റാണ് വീഴ്ത്തിയതെന്ന് യുക്രെയിന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചെര്‍ണീവില്‍ ഒഡെസ് മേഖലയിലെ ഒരു ഗ്രാമം ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനങ്ങള്‍ വീഴ്ത്തിയതെന്ന് അറിയിപ്പില്‍ പറയുന്നു. വെടിയേറ്റ വിമാനങ്ങള്‍ കരിങ്കടല്‍ മേഖലയിലേക്ക് തിരിച്ച ശേഷം പൈലറ്റുമാര്‍ ഇജക്ഷന് സംവിധാനം ഉപയോഗിച്ചു പുറത്തു ചാടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം ഇരുപത്തിയൊന്നാം ദിവസത്തിലെത്തി നില്‍ക്കെ, യുക്രെയിനിലെ കൂടുതല്‍ നഗരങ്ങളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിച്ചു.
കരിങ്കടല്‍ മേഖല റഷ്യന്‍ സേന കഴിഞ്ഞ ദിവസം നിയന്ത്രണത്തിലാക്കിയതോടെ കടല്‍വഴിയുള്ള യുക്രെയിന്റെ അന്താരാഷ്ട്ര ബന്ധം നിലച്ചു.
ഇതിനിടെ, റഷ്യയുടെ 150 മോട്ടോറൈസ്ഡ് റൈഫിള്‍ ഡിവിഷന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഒലെഗ് മിത്യേവിനെ വധിച്ചതായി യുക്രെയിന് അവകാശപ്പെട്ടു. ഇതിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 24 ന് റഷ്യ ആക്രമണം ആരംഭിച്ചതിനു ശേഷം റഷ്യന്‍ സൈന്യത്തിലെ കൊല്ലപ്പെടുന്ന നാലാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് മിത്യേവ്.
നേരത്തെ, റഷ്യന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ വിറ്റാലി ജെറാസിമോവ്, മേജര്‍ ജനറല്‍ ആന്‍ഡ്രി സുഖോവെറ്റ്സ്കി, റഷ്യന്‍ സേനയുടെ ആസ്ഥാനത്തെ ഡെപ്യൂട്ടി ചീഫ് മേജര്‍ ആന്‍ഡ്രി ബര്ലാക്കോവ് എന്നിവരെ കെര്‍സണില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ വധിച്ചതായി യുക്രെയിന് അവകാശപ്പെട്ടിരുന്നു. റെജിമെന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായിരുന്നു ആന്‍ഡ്രി.
COMMENTS