കീവ് : റഷ്യന്‍ സൈന്യം യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പ്രവേശിച്ചു. ഇവിടെയും ഘോരമായ ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് പ്രാദേശിക...
കീവ് : റഷ്യന്‍ സൈന്യം യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പ്രവേശിച്ചു. ഇവിടെയും ഘോരമായ ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് പ്രാദേശിക ഭരണകൂട തലവന്‍ ഒലെഗ് സിനെഗുബോവ് പറഞ്ഞു.
''ശത്രുവിന്റെ വാഹനങ്ങള്‍ ഖാര്‍കിവ് നഗരത്തിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു,'' ഒലെഗ് സിനെഗുബോവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സേന ശത്രുവിനെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ആരും സുരക്ഷിത താവളങ്ങള്‍ വിട്ടുപോകരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഖാര്‍കിവില്‍ യുദ്ധം രൂക്ഷമാണെങ്കില്‍ 400 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ കീവ് പട്ടണത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. തലസ്ഥാനം പൂര്‍ണ്ണമായും തങ്ങളുടെ സേനയുടെ നിയന്ത്രണത്തിലാണെന്ന് യുക്രേനിയന്‍ അധികൃതര്‍ വെളിപ്പെടുത്തി.
ഇതേസമയം, ബലറൂസില്‍ വച്ച് സമാധാന ചര്‍ച്ചയ്ക്കു തയ്യാറാണെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രെയിന്‍ നിരസിച്ചു. നിരപരാധികളെ കൊന്നൊടുക്കുന്നത് നിറുത്തിയ ശേഷം ചര്‍ച്ചയാവാമെന്നും റഷ്യയുടെ സാമന്ത രാജ്യമായ ബലറൂസിനു പുറത്ത് വാഴ്‌സ, ബ്രാറ്റിസ്ലാവ, ഇസ്താംബുള്‍, ബുഡാപെസ്റ്റ്, ബാക്കു എന്നിവയില്‍ ഒരു വേദിയില്‍ ചര്‍ച്ചയാകാമെന്ന് ഒരു വീഡിയോ സന്ദേശത്തില്‍ യുക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
ജനങ്ങളെ ദ്രോഹിക്കുന്നതിനായി റഷ്യന്‍ സൈന്യം ബോധപൂര്‍വം ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന് സെലന്‍സ്‌കി ആരോപിച്ചു.
ചര്‍ച്ചയ്ക്ക് യുക്രെയിന്‍ വിസമ്മതം അറിയിച്ചതോടെ സംഘര്‍ഷം നീട്ടിക്കൊണ്ടുപോകാണ് അവരുടെ നീക്കമെന്നു റഷ്യ ആരോപിച്ചു. ഇതിനൊപ്പം ആക്രമണം ശക്തമാക്കാനും റഷ്യ തീരുമാനിച്ചു.
യുക്രെയിനും റഷ്യയും തമ്മില്‍ മുന്‍കാലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ ബലറൂസ് പങ്കാളിയായിരുന്നു. പക്ഷേ, ഇപ്പോള്‍ റഷ്യയുടെ പക്ഷം പിടിച്ചതിന് പല രാജ്യങ്ങളും ബലറൂസിനുമേല്‍ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
COMMENTS