More details have come out about Tamil Nadu giving permission to cut down trees near the Baby Dam on the Mullaperiyar
സ്വന്തം ലേഖകന്‍ / www.vyganews.com
കുമളി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിനു സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ് നാടിന് അനുമതി നല്കിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താത്പര്യങ്ങളെ പാടേ ഹനിക്കുന്ന ഈ ഉത്തരവിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ വിവരക്കേടാണോ അതോ മറ്റു താത്പര്യങ്ങളായിരുന്നോ എന്നാണ് ഇനി അറിയേണ്ടത്.
കേരള സര്‍ക്കാരിനെ തന്നെ വിഷമവൃത്തത്തിലാക്കിയ ഉത്തരവിനു വഴിമരുന്നിട്ടത് കമ്പത്തെ ജല വിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. അദ്ദേഹം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ക്കു കൊടുത്ത കത്താണ് ഇപ്പോഴത്തെ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍, പഴയ കരാര്‍ പ്രകാരം തമിഴ് നാടിന് പാട്ട അവകാശമുള്ള, 0.25 ഹെക്ടര്‍ പ്രദേശത്ത് ബേബി ഡാമിനടുത്തു നില്‍ക്കുന്ന 23 മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ ഒക്ടോബര്‍ 30ന് ഈ വിവരം തലസ്ഥാനത്ത് അറിയിക്കുന്നു.
അയല്‍ക്കാരുടെ കത്തു കിട്ടിയതോടെ കേരള ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. ഒക്ടോബര്‍ 31 ഞായറാഴ്ട ആയിതിനാല്‍ അന്നു യോഗം ചേരാനായില്ല. പിറ്റേന്നു നവംബര്‍ ഒന്നിന് തന്നെ ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു. തമിഴ് നാട് 23 മരം മുറിക്കാന്‍ അനുമതി ചോദിച്ചെങ്കിലും അത്രയും കൊടുക്കേണ്ടെന്നു കരുതി 15 മരം മുറിച്ചുകൊള്ളാന്‍ യോഗം അനുമതി കൊടുത്തു.
പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, കെ എഫ് ഡി എച്ച് ക്യു 38592021 സി ഡബ്ല്യു ഡബ്ല്യു ഡബ്ല്യു എല്‍4 എന്ന നമ്പരില്‍ ഉത്തരവിക്കി. 40 സെന്റിലുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവ് കമ്പത്ത് എത്തി. അവിടെനിന്ന് തമിഴ് നാട് മുഖ്യമന്ത്രിക്ക് അറിയിപ്പു പോയി. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വൈകാതെ കേരള മുഖ്യമന്ത്രിയെ അഭിനന്ദിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കി. ഈ വാര്‍ത്താ കുറിപ്പ് പുറത്തുവന്നപ്പോഴാണ് തന്റെ സെക്രട്ടേറിയറ്റില്‍ നടന്ന യോഗവും അതിലെ തീരുമാനവുമെല്ലാം കേരള മുഖ്യമന്ത്രിയും വനം മന്ത്രിയും ജല മന്ത്രിയുമെല്ലാം അറിയുന്നത്.മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന കേസായി മാറിയതിനാല്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലും ക്ഷുഭിതനുമാണെന്നാണ് അറിയുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് ഉത്തരവിട്ടതെന്നതിനാല്‍ ചട്ട പ്രകാരമായിരിക്കും നടപടി. എന്നാല്‍, ഉത്തരവിടുന്നതിനു യോഗം ചേര്‍ന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവില്‍ കേരളത്തിനു പിന്നെയും പാരകളുണ്ട്. പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം ഡാമില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി മരങ്ങള്‍ മുറിക്കാനും ചെറു ചെടികളും കുറ്റിക്കാടുമെല്ലാം വെട്ടിനീക്കാന്‍ തമിഴ് നാടിന് അധികാരമുണ്ടെന്ന് ഉത്തരവിലൂടെ തമിഴ് നാടിനെ ബെന്നിച്ചന്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്.കേരള വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തമിഴ്‌നാട് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കെല്ലാം ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
തമിഴ് നാടിന് മുറിക്കാന്‍ അനുമതി നല്‍കിയ മരങ്ങള്‍:
ഉന്നം-3
പൊരിവെട്ടി-3
കാട്ടുറബര്‍ -2
മുളകുനാറി-2
വഴണ-2
ഞാവല്‍-1
താന്നിപൂമരം-1
നായിക്കുമ്പിള്‍-1
ഡാം നില്‍ക്കുന്നത് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആയതിനാല്‍ മുറിക്കുന്ന തടി പുറത്തുകൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇവയെല്ലാം വിഷയം തലസ്ഥാനത്ത് അറിയിച്ച പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശേഖരിച്ചു സൂക്ഷിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
എന്തായാലും വൈകിയാണെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തരവ് റദ്ദാക്കുകയും പുതിയ ഉത്തരവ് ഇറക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, വിവാദ ഉത്തരവ് വഴി കേരള-തമിഴ് നാട് ബന്ധം മോശമാകാന്‍ ഇട വരികയും ചെയ്തിട്ടണ്ട്.
COMMENTS