The Joint Kisan Morcha has announced that the strike will continue until the agrarian laws are repealed in Parliament
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു.
രാജ്യമാകെ പ്രതിഷേധത്തിനു കാരണമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ സിംഘുവില്‍ ഇന്നു ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് സമരം തുടരാന്‍ തീരുമാനമായത്.
തിങ്കളാഴ്ച ലഖ്നൗവില്‍ ചേരാന്‍ നിശ്ചയിച്ചിട്ടുള്ള കിസാന്‍ മഹാപഞ്ചായത്തിലും 26ന് ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന യോഗങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
ഈ മാസം 27 വരെ നിശ്ചയിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. 27ന് വീണ്ടും യോഗം ചേര്‍ന്ന് അതിന് ശേഷമുള്ള പരിപാടികള്‍ തീരുമാനിക്കും.
29ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള പാര്‍ലമെന്റ് മാര്‍ച്ചിനും മാറ്റമുണ്ടകില്ലെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് അറിയിച്ചു.
മന്ത്രിസഭയില്‍ പോലും ആലോചിക്കാതെയാണ് കാര്‍ഷിക നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമം റദ്ദാക്കുന്നതിനു വേണ്ട സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം.
കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതാനും തീരുമാനമായി. വൈദ്യുതി ബില്‍ നിയമം, എംഎസ്പി കമ്മിറ്റി, കേസുകള്‍ പിന്‍വലിക്കല്‍ എന്നീ ആവശ്യങ്ങളും കത്തില്‍ ഉന്നയിക്കും.
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ധനസഹായം പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ തിങ്കളാഴ്ച തയ്യാറായേക്കുമെന്നറിയുന്നു. അടുത്ത കേന്ദ്ര മന്ത്രിസഭായോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും.
ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
Summary: The Joint Kisan Morcha has announced that the strike will continue until the agrarian laws are repealed in Parliament. The Prime Minister had yesterday announced the repeal of the agrarian laws which had led to protests across the country.
COMMENTS