Australia beat Pakistan by five wickets to reach World Twenty20 final The New Zealand-Australia final is on Sunday
ദുബായ് : തോല്‍വിയുടെ വക്കില്‍ നിന്ന് സധൈര്യം തിരികെ കയറി പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ട്വന്റി 20 ലോക കപ്പ് ഫൈനലില്‍ കടന്നു. ഞായാറാഴ്ചയാണ് ന്യൂസിലാന്‍ഡ്-ഓസ്‌ട്രേലിയ ഫൈനല്‍. ആറു പന്ത് ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേിലിയ വിജയം ആഘോഷിച്ചത്.
സ്കോര്പാകിസ്ഥാന് 20 ഓവറില്‍ 176-4ഓസ്‌ട്രേലിയ 19 ഓവറില്‍ 177-5
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മുഹമ്മദ് റിസ് വാന്‍ 52 പന്തില്‍ 67, ബാബര്‍ അസം 34 പന്തില്‍ 39, ഫഖര്‍ സമാന്‍ 32 പന്തില്‍ 55 എന്നിവരാണ് പാകിസ്ഥാനു മികച്ച ടോട്ടല്‍ നേടിക്കൊടുത്തത്. ആസിഫ് അലി റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഷോയിബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക് രണ്ടു വിക്കറ്റെടുത്തപ്പോള്‍ പാറ്റ് കുമിന്‍സ്, ആദം സാംപ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീഴ്ത്താനായി.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഗോള്‍ഡന്‍ ഡക്കായെങ്കിലും ഡേവിഡ് വാര്‍ണര്‍ അപാര ഫോമിലായിരുന്നു. 30 പന്തില്‍ 49 റണ്‍സെടുത്ത വാര്‍ണര്‍ ജയം അനായാസമാണെന്ന തോന്നല്‍ ഉയര്‍ത്തി. 22 പന്തില്‍ 28 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷ് പിന്തു കൊടുത്തു. സ്റ്റീവ് സ്മിത്ത് (5), ഗ്‌ളെന്‍ മാക്‌സ് വെല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി.
ഇതോടെ ഓസ്‌ട്രേലിയ തോറ്റുവെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ കമന്റു ചെയ്യാന്‍ തുടങ്ങി. എന്നാല്‍, കളി അവിടെനിന്നാണ് തുടങ്ങിയത്. മാര്‍കസ് സ്റ്റോയിനിസും വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും ചേര്‍ന്ന് ക്ഷമയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. യഥാര്‍ത്ഥ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ആസ്വാദ്യതയെല്ലാം കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ട് അവര്‍ മുന്നേറുകയായിരുന്നു.
സ്‌റ്റോയിനിസാണ് ആക്രണ ദൗത്യമേറ്റത്. മാത്യു വെയ്ഡാകട്ട് നല്ല പന്തുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചുകൊണ്ട് പിന്തുണ നല്കി.
പതിനെട്ടാം ഓവര്‍ അവസാനിക്കുമ്പോള്‍ മാത്യു വെയ്ഡിന് 13 പന്തില്‍ 21 റണ്‍സായിരുന്നു സമ്പാദ്യം. സ്റ്റോയിനിസ് 29 പന്തില്‍ 40 റണ്‍സും എടുത്തിരുന്നു.
പിന്നീട് വന്നത് പാകിസ്ഥാന്റെ സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി.
സ്റ്റോയിനിസ് നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നുമില്ല. അടുത്ത പന്തില്‍ എല്‍ ബി അപ്പീലിന് അഫ്രീദിയുടെ ശ്രമം. ഔട് സൈഡ് ലെഗില്‍ പിച്ച് ചെയ്ത പിന്തിന് റിവ്യൂ വിളിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ഒരു ലെഗ് ബൈ റണ്‍ ഓസ്‌ട്രേിലിയയ്ക്ക് കിട്ടുകയും ചെയ്തു.
അടുത്ത പന്ത് അഫ്രീദി ലെഗ് സൈഡില്‍ വൈഡ് എറിഞ്ഞു. അടുത്ത പന്തില്‍ മാത്യു വെയ്ഡിനെ ഡീപ് മിഡ് വിക്കറ്റില്‍ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള സുവര്‍ണാവസരം ഹസന്‍ അലി പാഴാക്കി. അതിന്റെ വില വളരെ വലുതായിരുന്നു. 148 കിലോ മീറ്റര്‍ വേഗത്തില്‍ വന്ന പന്ത് ഫൈന്‍ ലെഗിലെ വേലിക്കു പുറത്തേയ്ക്ക് മാത്യു വെയ്ഡ് പറത്തുകയായിരുന്നു. ഇതോടെ അഫ്രീദി പതറിപ്പോയി. ഈ സിക്‌സോടെ ഓസ്‌ട്രേലിയയ്ക്കു ജയിക്കാന്‍ വേണ്ടത് എട്ടു പന്തില്‍ 12 റണ്‍സ്.
ഓവറിലെ അഞ്ചാം പന്ത് മിഡ് വിക്കറ്റിനു പുറത്ത് കാണികള്‍ക്കിടയിലേക്കു വീഴുമ്പോള്‍ പാക് ആരാധകര്‍ തരിച്ചിരുന്നു. അഫ്രീദി അടുത്തതായി മാത്യു വെയ്ഡിനു സമ്മാനിച്ചത് ഒരു ഫുള്‍ ടോസ്. ഫൈന്‍ ലെഗിലെ വേലിക്കു പുറത്തേയ്ക്കു പന്ത് പറക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ നിരകളില്‍ വിജയാരവം അണപൊട്ടി.
തുടരെ മൂന്നു സിക്‌സുകള്‍... ബാറ്റ്‌സ്മാനെ സംബന്ധിച്ച് സ്വപ്‌നതുല്യമായ ആ ാെവര്‍ കഴിഞ്ഞപ്പോള്‍ 17 പന്തില്‍ 40 റണ്‍സുമായി മാത്യു വെയ്ഡ് യഥാര്‍ത്ഥ വിജയശില്പിയായി. പാക് കളിക്കാര്‍ തല കുനിച്ച് കളം വിടുകയും ചെയ്തു.
Summary: Australia beat Pakistan by five wickets to reach World Twenty20 final The New Zealand-Australia final is on Sunday.
COMMENTS