Central Government approves Com India, the authoritative online media community in Kerala
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ, ഇന്ത്യയ്ക്ക് (കോം ഇന്ത്യ) കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. വൈഗന്യൂസ്, ലോക്കല്‍ ഗ്‌ളോബ്.കോം എന്നിവ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 24 പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ കോം ഇന്ത്യ കൂട്ടായ്മയിലെ അംഗങ്ങളാണ്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി നിയമത്തിന്റെ ഭാഗമായി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച മാധ്യമങ്ങള്‍ക്കുള്ള സ്വയം നിയന്ത്രണ സമിതിയില്‍ കോം ഇന്ത്യയുടെ കീഴില്‍ രൂപീകരിച്ച ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിനാണ് (ഐഡിപിസിജിസി) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം അനുമതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേതുമായ സമിതിയാണ് കോം ഇന്ത്യ. കോം ഇന്ത്യയ്ക്ക് അംഗീകാരമായതോടെ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിയമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമാകുകയുമാണ്.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പാണ് കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അദ്ധ്യക്ഷന്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഹയര്‍സെക്കന്‍ഡറി മുന്‍ ഡയറക്ടറും കേരള യൂണിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ഗോപീകൃഷ്ണന്‍, കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുള്‍ മുജീബ്, ട്രഷറര്‍ കെ.കെ ശ്രീജിത്ത് എന്നിവര്‍ സമിതി അംഗങ്ങളാണ്.
കേരളത്തിലെ മുഖ്യധാര പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈനുകള്‍ ഉള്‍പ്പെടുന്ന സമിതിക്ക് അംഗീകാരം ഇനിയും വൈകുമ്പോഴാണ് കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ കോം ഇന്ത്യയുടെ ഈ നേട്ടം.
പുതിയ നിയമത്തിന്റെ ഭാഗമായുള്ള അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കോം ഇന്ത്യക്ക് കഴിഞ്ഞത് അംഗീകാരം വേഗം ലഭിക്കുന്നതിനു സഹായമായി.
വെബ് ജേര്‍ണലിസ്റ്റ് സ്റ്റാന്റാര്‍ഡ്‌സ് അതോറിറ്റി, പ്രൊഫഷണല്‍ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി എന്നീ സമിതികള്‍ക്കാണ് ഇതുവരെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു വര്‍ഷമായി ആരംഭിച്ച നടപടി ക്രമങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് അംഗീകാരം. സംഘടനയില്‍ അംഗങ്ങളാകുന്ന ഓരോ മാധ്യമ സ്ഥാപനവും അവര്‍ ഉള്‍പ്പെടുന്ന സംഘടനയും വിശദമായ പരിശോധനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിധേയമാക്കി.
കോം ഇന്ത്യയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചതോടെ കോം ഇന്ത്യാ അംഗങ്ങളായ നിലവിലുള്ള 24 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും തത്വത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിയിരിക്കുകയാണ്. ഇതോടെ കോം ഇന്ത്യയില്‍ പുതിയതായി അംഗങ്ങളാകുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സമിതിയുടെ അംഗീകാരം ഉറപ്പാകും.
കോം ഇന്ത്യക്ക് പുതിയ നേതൃത്വം: വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, അബ്ദുൽ മുജീബ് സെക്രട്ടറി, ആർ ഗോപീകൃഷ്ണൻ രക്ഷാധികാരി, കെ കെ ശ്രീജിത് ട്രഷറർ
പുതിയ ഐടി നയത്തിന്റെയും പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ആക്റ്റിന്റെയും ഭാഗമായി എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്വയം നിയന്ത്രിത സംവിധാനങ്ങളും പരാതി പരിഹാര സെല്ലുകളും രൂപീകരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.
കോം ഇന്ത്യയുടെ കീഴിലെ സെല്‍ഫ് റെഗുലേറ്റിങ് ബോഡിയാകും ഈ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനമായി പ്രവര്‍ത്തിക്കുക. കോം ഇന്ത്യയ്ക്ക് സര്‍ക്കാര്‍ അംഗീകാരമായതോടെ ഈ ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും വാര്‍ത്തകളും ഈ വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും.
നിലവിലുള്ളതും ഇനി പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി കോം ഇന്ത്യ പോലുള്ള ഏതെങ്കിലും ഒരു സ്വയം നിയന്ത്രണ സമിതിയില്‍ അംഗമാകേണ്ടതുണ്ട്.
പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിയമങ്ങളും ഡിജിറ്റല്‍ മീഡിയയ്ക്ക് ഇനി ബാധകമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ആക്ട് -2019 ഉം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകാമാകുന്ന വിധമാണ് നടപ്പിലാക്കാന്‍ പോകുന്നത് .
Summary: Central Government approves Com India, the authoritative online media community in Kerala. Approval by the Ministry of News Distribution and Broadcasting is for 24 leading news portals, including www.vyganews.com.
COMMENTS