noise coming from Biju's house near the Polur Subramanya temple in Kuruvattooru panchayat
സ്വന്തം ലേഖകന്‍
കോഴിക്കോട്: കുരുവട്ടൂര്‍ പഞ്ചായത്ത് പോലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം കോണോട്ട് തെക്കെമാരത്ത് ബിജുവിന്റെ വീട്ടില്‍ നിന്നുയരുന്ന അജ്ഞാത സ്വരത്തെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ ദുരന്ത നിവാരണ വകുപ്പ് അധികൃതര്‍ നടപടി ആരംഭിച്ചു.
വീട്ടില്‍ നിന്നു പേടിപ്പെടുത്തുന്ന ശബ്ദമാണ് കേള്‍ക്കുന്നതെന്നു ബിജു പറഞ്ഞു. പൈലിംഗ് നടത്തുമ്പോഴുള്ളതുപോലെ മുഴക്കമാണ് വീട്ടിനടിയില്‍ നിന്നു കേള്‍ക്കുന്നത്. ഇടവിട്ട് അര മണിക്കൂറോളം ശബ്ദം കേള്‍ക്കാം.
തൊട്ടടുത്ത വീടുകളിലൊന്നും ഇത്തരം ശബ്ദമോ അതിന്റെ പ്രകമ്പനമോ കേള്‍ക്കാനുമില്ല. ബിജുവും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഭീതിയിലാണ്.
വീട്ടിന്റെ നിലത്തിനു താഴെ എന്തോ കുഴിക്കുന്നതു പോലെയാണ് പലപ്പോഴും ശബ്ദം കേള്‍ക്കുന്നതെന്നു ബിജു പറയുന്നു. കാതടപ്പിക്കുന്ന മുഴക്കമാണ് ചിലപ്പോള്‍ അനുഭവപ്പെടുക.
ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീടു സന്ദര്‍ശിച്ച് ശബ്ദം റെക്കോഡ് ചെയ്‌തെടുത്തു. ശബ്ദം ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്ലിനു കൈമാറും.
ജില്ലാ കളക്ടറുടെ അനുമതിയോടെ തുടര്‍ നടപടിയെ കുറിച്ചും ആലോചിക്കുമെന്ന് കെ.പി. ബാബുരാജ് പറഞ്ഞു. ഭൗമശാസ്ത്രജ്ഞരുടെ സഹായം തേടാനും ആലോചനയുണ്ട്.
COMMENTS