Vadakkumcheri has filed a petition in the Supreme Court seeking permission to marry the girl victim in the Kottiyoor molestation case
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി റോബിന് വടക്കുംചേരി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വടക്കുംചേരിക്ക് 56 ഉം പെണ്‍കുട്ടിക്ക് 21മാണ് പ്രായം.
റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് വടക്കുംചേരിയും ഹര്‍ജിയുമായി എത്തിയിരിക്കുന്നത്.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നാണ് പ്രതിയുടെ ആവശ്യം.
ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് രണ്ടു ഹര്‍ജികളും തിങ്കളാഴ്ച്ച പരിഗണിക്കുന്നുണ്ട്.
ഇതേ ആവശ്യവുമായി വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹതീരുമാനമെന്നും തനിക്കും കുഞ്ഞിനും റോബിനൊപ്പം താമസിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം.
തലശേരി പോക്സോ കോടതി വിധിച്ച 60 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കുകയാണ് റോബിന് വടക്കുംചേരി. വിവിധ കേസുകളിലായുള്ള 20 വര്‍ഷം വീതമുള്ള കഠിനതടവാണ് വടക്കുംചേരിക്കു കിട്ടിയിരിക്കുന്നത്. ശിക്ഷയെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്ന റോബിന് വടക്കുംചേരി 2016 ലായിരുന്നു പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് റോബിന് വടക്കുംചേരി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നു ഇരയും ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
ഈ വാദമെല്ലാം പെണ്‍കുട്ടിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന കാരണത്താല്‍ ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് പെണ്‍കുട്ടി അഭിഭാഷകന് അലക്സ് ജോസഫ് മുഖേന ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ലൈംഗിക അതിക്രമക്കേസുകളില്‍ സുപ്രീം കോടതിയുടെ മുന്‍ വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Summary: Vadakkumcheri has filed a petition in the Supreme Court seeking permission to marry the girl victim in the Kottiyoor molestation case. Vadakkumcheri is 56 years old and the girl is 21 years old.The victim girl also approached the Supreme Court seeking permission to marry Robin Vadakumcheri. Defendant wants bail for marriage.
COMMENTS