വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിനു മുന്നിലുണ്ടായ ചാവേര്‍ സ്ഫോടനങ്ങളുടെ സൂത്രധാരനെ വധിച്ചതായി അമേരിക്ക. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാ...
വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിനു മുന്നിലുണ്ടായ ചാവേര്‍ സ്ഫോടനങ്ങളുടെ സൂത്രധാരനെ വധിച്ചതായി അമേരിക്ക.
ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍ പ്രോവിന്‍സ് (ഐ എസ് ഐ എസ്-കെ) ഭീകര ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്.
13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 175 പേരാണ് കാബൂള്‍ സ്ഫോടനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര് അതിഗുരുതര നിലയില്‍ ആശുപത്രികളിലാണ്. അഫ്ഗാനിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മരണസംഖ്യ ഇനിയും ഉയര്‍ത്തിയേക്കും.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ആളില്ലാ വിമാനം ഉപയോഗിച്ചു നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിലെ ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയില്‍ പറഞ്ഞു. 'ഭാവി ആക്രമണങ്ങള്‍' ആസൂത്രണം ചെയ്യുന്ന ഒരു ഐഎസ്ഐഎല്‍ അനുബന്ധ ഗ്രൂപ്പിനെതിരെയായിരുന്നു ആക്രമണമെന്ന്് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാന് താലിബാന്റെ കൈയിലായതില് പിന്നെ നടക്കുന്ന ആദ്യ വ്യോമാക്രണമത്തില്‍ സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ ഒരു താവളത്തില്‍ നിന്നാണ് ഡ്രോണ്‍ എത്തിയത്. സഹപ്രവര്‍ത്തകനുമായി കാറില്‍ പോവുകയായിരുന്ന ഭീകരനെ മിസൈല്‍ ആക്രമണത്തിലൂടെ വധിക്കുകയായിരുന്നു. ഇരുവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഭീകര നേതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
കാബൂള്‍ വിമാനത്താവളത്തിനെതിരെ ഇപ്പോഴും ഭീഷണി ഉണ്ടെന്നു വ്യക്തമായി അറിയാമെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയും പറഞ്ഞു.
ഇതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ പുനരാരംഭിച്ചു. ഈ മാസം 31നകം അഫ്ഗാന് വിടണമെന്നാണ് യുഎസ് സേനയ്ക്കു താലിബാന് കൊടുത്തിരിക്കുന്ന അന്ത്യശാസനം. വിമാന സര്‍വീസ് കൂടിയതോടെ വിമാനത്താവളത്തിന് ചുറ്റും വീണ്ടും ആള്ക്കൂട്ടമായിട്ടുണ്ട്. ഇവരെ ആട്ടിയോടിക്കാന്‍ താലിബാന് പോരാളികളും രംഗത്തുണ്ട്. ഇടയ്്ക്കിടെ ആകാശത്തേയ്ക്കു നിറയൊഴിച്ചാണ് താലിബാന് ജനത്തെ വിരട്ടിയോടിക്കുന്നത്.
തങ്ങളെ ഉന്നം വയ്ക്കുന്നവരെ തിരഞ്ഞുപിടിച്ചു വകവരുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞതിനു പിന്നാലെയായിരുന്നു ഡ്രോണ്‍ ആക്രമണം.
Summary: The United States has said it has killed the mastermind of a suicide bombing in front of Kabul airport. The Islamic State in Khorasan Province (ISIS-K) terrorist group claimed responsibility for the attack.
COMMENTS