A woman police officer named Rajitha, who questioned young man in front of his minor daughter allegedly stealing a missing phone has been transferred
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ നടുറോഡില്‍ മൂന്നാം ക്ളാസുകാരിയുടെ മുന്നിലിട്ട് അച്ഛനെ ഉടുവസ്ത്രം ഉയര്‍ത്തി പരിശോധിച്ച വനിതാ പൊലീസുകാരിക്കു 15 ദിവസത്തെ പരിശീലനവും തുടര്‍ന്നു സ്ഥലം മാറ്റവും നല്കിക്കൊണ്ട് ഉത്തരവായി.
ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ രജിതയെയാണ് ശിക്ഷാനടപടിക്കു വിധേയയാക്കിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് നടപടി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രജിതയെ പിങ്ക് പൊലീസില്‍ നിന്നു മാറ്റി കൊല്ലം സിറ്റി പൊലീസിലേക്കാണ് വിട്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടു പ്രകാരമാണ് നടപടി.
ആരോപണ വിധേയാനായ വ്യക്തി കുറ്റം ചെയ്തിട്ടില്ലെന്നു വ്യക്തമായിട്ടും രജിത അവരോടു ക്ഷമ ചോദിക്കാതെ തട്ടിക്കയറിയതും നടപടിക്കു കാരണമായിട്ടുണ്ട്. എട്ടു വയസ്സുമാത്രമുള്ള പെണ്‍കുഞ്ഞ്് മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞിട്ടും ലേശവും മനുഷ്യത്വം കാട്ടാതെ അച്ഛനെയും മകളെയും ചോദ്യം ചെയ്തതും നടപടിക്കു കാരണമായി.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടതോടെയാണ് പൊലീസും ഉണര്‍ന്നത്. പൊലീസുകാരിയുടെ ചോദ്യം ചെയ്യലില്‍ ഭയന്നു കരഞ്ഞ പെണ്‍കുഞ്ഞിനെ അവഗണിച്ചാണ്, വനിതാ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട, പിങ്ക് പൊലീസ് പരാക്രമം കാട്ടിയത്.
ഊരുപൊയ്ക കോട്ടറ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായ ജയചന്ദ്രനും മകള്‍ക്കുമാണ് പൊലീസില്‍ നിന്നു വളരെ മോശമായ അനുഭവം ഉണ്ടായത്.
ഐഎസ് ആര്‍ ഒയിലേക്കു റോക്കറ്റ് ഭാഗം കൊണ്ടുപോകുന്ന കൂറ്റന്‍ വാഹനം കാണാനെത്തിയതായിരുന്നു ജയചന്ദ്രനും മകളും. ഇരുവരും പൊലീസ് വാഹനത്തിനടുത്താണ് നിന്നത്. ട്രാഫിക് നിയന്ത്രിക്കുന്ന ജോലിയിലായിരുന്നു പൊലീസ്.ഇതിനിടെ, തന്റെ ഫോണ്‍ കളഞ്ഞുപോയെന്നും അതു ജയചന്ദ്രന്‍ എടുത്തുവെന്നുമാണ് ഒരു തെളിവുമില്ലാതെ പൊലീസുകാരി ആരോപിച്ചത്. താന്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞപ്പോള്‍ പൊലീസുകാരി എട്ടു വയസ്സുള്ള കുട്ടിക്കു നേരേ തിരിഞ്ഞു. അച്ഛന്‍ എടുത്തു തന്ന ഫോണ്‍ എവിടെയെന്നു ചോദിച്ചു പൊലീസുകാരി കുട്ടിയോടു കയര്‍ത്തു. കുട്ടി ഭയന്നു കരഞ്ഞുവെങ്കിലും പൊലീസുകാരിയുടെ മനസ്സലിഞ്ഞില്ല.
ഫോണ്‍ എടുത്തിട്ടില്ലെന്നു ജയചന്ദ്രന്‍ വിനീതനായി പറഞ്ഞുവെങ്കിലും പൊലീസ് അതു വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നു നടുറോഡില്‍ ജയചന്ദ്രന്റെ വസ്ത്രം ഉയര്‍ത്തി പരിശോധിച്ചു.
ആള്‍ക്കൂട്ടം കണ്ട് ഗതാഗതം നിയന്ത്രിക്കുന്ന തിരക്കില്‍ നിന്ന മറ്റു പൊലീസുകാര്‍ എത്തി മോഷ്ടിക്കപ്പെട്ടെന്നു പറഞ്ഞ ഫോണിലേക്കു വിളിച്ചു. ഫോണ്‍ കാറില്‍ തന്നെ പൊലീസുകാരിയുടെ ബാഗില്‍ ശബ്ദിച്ചു. ഇതോടെ, നാട്ടുകാരും ഇടപെട്ടു. ജയചന്ദ്രനോട് ഒരു ക്ഷമ പറയാതെയും കരയുന്ന കുഞ്ഞിനെ അവഗണിച്ചും വനിതാ പൊലീസുകാര്‍ സ്ഥലം വിട്ടു.
സംഭവം കണ്ടുനിന്ന നാട്ടുകാര്‍ പകര്‍ത്തിയ ക്ളിപ്പിംഗ് വ്യാപകമായി പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെടുകയായിരുന്നു.
ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ വീട്ടിലെത്തി കുഞ്ഞിന്റെ മൊഴി എടുത്തു. കുട്ടിക്ക് എത്രയും പെട്ടെന്നു കൗണ്‍സലിങ് നല്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് ബാലാവകശാ കമ്മിഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ആറ്റിങ്ങല്‍ ക്രൈം എസ് ഐ ബിനിമോളുടെ നേതൃത്വത്തില്‍ പൊലീസുകാരും വീട്ടിലെത്തി കുട്ടിയുടെയും അച്ഛന്റെയും മൊഴി രേഖപ്പെടുത്തി.
കുട്ടിയെയും അച്ഛനെയും പൊതു നിരത്തില്‍ അരമണിക്കൂറോളം മാനസികമായി പീഡിപ്പിച്ചതിന് ഉന്നത അധികൃതര്‍ക്കു റിപ്പോര്‍ട്ടു നല്കുമെന്ന് ആറ്റിങ്ങല്‍ ഡിവൈ എസ് പി സുനീഷ് ബാബു പറഞ്ഞിരുന്നു.സിവില്‍ പൊലീസ് ഓഫീസര്‍ രജിതയാണ് തന്നെ മാനസികമായി പീഡിപ്പിച്ചതെന്ന് ജയചന്ദ്രന്‍ പറഞ്ഞിരുന്നു. ഉന്നത പൊലീസ് അധികൃതര്‍ക്കു പരാതി നല്കുമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.
ഏതാനും ദിവസം മുന്‍പ് ആറ്റിങ്ങലില്‍ മാല മോഷണം നടത്തിയതും മൊബൈല്‍ ഫോണ്‍ കടയില്‍ കയറി മോഷണം നടത്തിയതും തന്റെ രൂപസാദൃശ്യമുള്ള ആളാണെന്നു കൂടി പൊലീസുകാരി പറഞ്ഞതും ജയചന്ദ്രനെ ഏറെ അപമാനിതനാക്കിയിരുന്നു.
മുന്‍പ് നാട്ടില്‍ ഒരു വിവാഹ ചടങ്ങിനു വന്ന യുവാക്കളില്‍ ഒരാളുടെ ഫോണ്‍ ജയചന്ദ്രനു കളഞ്ഞുകിട്ടിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു പരിചയമില്ലാത്ത ജയചന്ദ്രന്‍ അതിലേക്കു തുടരെ വന്ന കോളിന്റെ നമ്പര്‍ നോക്കി സ്വന്തം ഫോണില്‍ നിന്നു തിരികെ വിളിച്ചാണ് ഫോണിന്റെ ഉടമയ്ക്ക് അതു തിരിച്ചുകൊടുത്തത്.
അന്ന് യുവാക്കള്‍ ജയചന്ദ്രന് പാരിതോഷികവും നല്കിയാണ് മടങ്ങിയത്. അങ്ങനെ സത്യസന്ധത കാട്ടിയ ചെറുപ്പക്കാരനെയാണ് ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ പൊലീസുകാരികള്‍ അരമണിക്കൂറോളം നടുറോഡില്‍ ഭയുന്ന കരയുന്ന കുഞ്ഞിന്റെ മുന്നിലിട്ടു പീഡിപ്പിച്ചത്.
ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ എട്ടു വയസ്സുകാരിയെയും അച്ഛനെയും നടുറോഡില്‍ തടഞ്ഞുവച്ച് പിങ്ക് പൊലീസ് ചോദ്യം ചെയ്തു, ഉടുവസ്ത്രമുയര്‍ത്തി പരിശോധിച്ച വനിതാ പൊലീസിനു നേരേ നടപടി വരും
Summary: A woman police officer named Rajitha, who questioned young man in front of his minor daughter allegedly stealing a missing phone has been given 15 days of training and transfer.
COMMENTS