Noushad, a filmmaker and culinary expert, passed away this morning. Burial will be at 4 pm at the Muttur Juma Masjid Cemetery, Thiruvalla
പത്തനംതിട്ട: സിനിമാ നിര്‍മാതാവും പാചക വിദഗ്ദ്ധനുമായ നൗഷാദിന് ആരാധകലോകം കണ്ണീരോടെ വിടനല്കി. തിരുവല്ല മുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം നാലിന് കബറടക്കം നടത്തി.
നൗഷാദ് പഠിച്ച തിരുവല്ല എസ്സിഎസ് ഹൈസ്‌കൂളിലെ അലക്‌സാണ്ടര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ഉച്ച തിരിഞ്ഞ് രണ്ടു മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തി.
ഇന്നു രാവിലെയായിരുന്നു തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ നൗഷാദിന്റെ അന്ത്യം. ആന്തരിക അവയവങ്ങളിലെ അണുബാധയാണ് മരണകാരണമായത്.
ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ഏറെ അറിയപ്പെടുന്ന വ്യക്തിയായി മാറി. നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിംഗ് സര്‍വീസുമുണ്ട്. ആയിരക്കണക്കിനു വിവാഹങ്ങള്‍ക്കാണ് അദ്ദേഹം ഭക്ഷണം ഒരുക്കിയത്.
സംവിധായകന്‍ ബ്ലെസിയുമായുള്ള സൗഹൃദം നൗഷാദിനെ ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചു. ബ്ലെസിയുടെ കാഴ്ച എന്ന ചിത്രത്തില്‍ സഹനിര്‍മാതാവായി. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു.
നൗഷാദിന്റെ ചികിത്സയ്ക്കിടെ രണ്ടാഴ്ച മുന്‍പ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗം നൗഷാദിനെ മാനസികമായി തളര്‍ത്തി. ഇതോടെ, രോഗനില കൂടുതല്‍ വഷളാവുകയായിരുന്നു. 13കാരിയായ നഷ് വയാണ് ഏക മകള്‍.
ഉമ്മയും ബാപ്പയും ദിവസങ്ങളുടെ ഇടവേളയില്‍ പരലോകം പൂകിയതോടെ കുഞ്ഞു നഷ് വ തീര്‍ത്തും ഒറ്റപ്പെട്ടു. ബാപ്പയെങ്കിലും രോഗം മാറി പെട്ടെന്നു തിരിച്ചുവരുമെന്ന അവളുടെ പ്രതീക്ഷ പൊലിഞ്ഞു.
COMMENTS