ISRO's mission to launch India's Earth observation satellite EOS-03 into orbit has partially failed
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -03 ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യം ഭാഗികമായി പരാജയപ്പെട്ടു.
'ഒന്നും രണ്ടും ഘട്ടങ്ങളുടെ പ്രകടനം സാധാരണമായിരുന്നു. സാങ്കേതിക തകരാറുമൂലം ക്രയോജനിക് അപ്പര്‍ സ്റ്റേജ് പ്രവര്‍ത്തിച്ചില്ല. ഇക്കാരണത്താല്‍ ദൗത്യം ഉദ്ദേശിച്ചതുപോലെ പൂര്‍ത്തിയാക്കാനായില്ലെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ദ്രുതഗതിയിലുള്ള നിരീക്ഷണത്തിനായുള്ളതായിരുന്നു ഉപഗ്രഹം. കൂടാതെ രാജ്യത്തിന്റെ കരയും കടലും 24 മണിക്കൂറും നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കൂടി ലക്ഷ്യമിട്ടായിരുന്നു വിക്ഷേപണം. 26 മണിക്കൂര്‍ കൗണ്ട് ഡൗണിന് ശേഷം ഇന്ന് പുലര്‍ച്ചെ 5.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ (ജിഎസ്എല്‍വി) യില്‍ ബഹിരാകാശത്തേയ്ക്കു വിടുകയായിരുന്നു.
പ്രകടനത്തിലെ അപാകം കാരണം ദൗത്യം പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാനായില്ലെന്ന് വൈകാതെ, മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ റേഞ്ച് ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രഖ്യാപിക്കുകയായിരുന്നു.
2019 ലെ ചന്ദ്രയാന്‍ -2 ചന്ദ്ര ദൗത്യ പേടകത്തിന് ശേഷം ജിഎസ്എല്‍വി എംകെ മൂന്നിലെ രണ്ടാമത്തെ ദൗത്യമായിരുന്നു ഇത്.Watch Live: Launch of EOS-03 onboard GSLV-F10 https://t.co/NE3rVjNtHb
— ISRO (@isro) August 11, 2021
വിക്ഷേപണം ആദ്യം ആസൂത്രണം ചെയ്തത് ഏപ്രിലിലോ മേയിലോ ആയിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരംഗം കാരണം മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്ക ഉയര്‍ത്തിയ ചില എതിര്‍പ്പുകളും വിക്ഷേപണം വൈകാന്‍ കാരണമായിരുന്നു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ദൗത്യത്തിനേറ്റ തിരിച്ചടിയില്‍ നിരാശ പ്രകടിപ്പിച്ചു. ഉപഗ്രഹം 'കടലില്‍ വീഴാനുള്ള സാദ്ധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. എട്ട് വിക്ഷേപണങ്ങളില്‍, ക്രയോജനിക് ഘട്ടത്തില്‍ തകരാറുണ്ടാകുന്നത് രണ്ടാം തവണയാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഘട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രയോജനിക് ഘട്ടം വളരെ സങ്കീര്‍ണ്ണമാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നടന്നതിനെക്കുറിച്ചു വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. നായര്‍ പറഞ്ഞു.
COMMENTS