How lightly the Kerala health minister sees the violence against health workers facing Covid
എസ് ജഗദീഷ് ബാബു
കോവിഡിനെ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെനടന്ന അക്രമങ്ങള്‍ എത്ര ലാഘവത്തോടെയാണ് ആരോഗ്യമന്ത്രി കാണുന്നത്.
നിയമസഭയില്‍ ആരോഗ്യമന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ ഡോക്ടര്‍മാര്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പറഞ്ഞത്. സംഭവം വിവാദമായപ്പോള്‍ പറ്റിയ തെറ്റ് സ്പീക്കറുടെ അനുമതിയോടെ തിരുത്തുമെന്ന വിശദീകരണമാണ് മന്ത്രി വീണാ ജോര്‍ജ് നല്‍കിയത്.
പാറശ്ശാലമുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നൂറുകണക്കിന് ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ ഏറ്റവും വിവാദമായത് ആലപ്പുഴ ജില്ലയിലെ കൈനകരി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കുനേരെ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ചേര്‍ന്നു നടത്തിയ കയ്യേറ്റമാണ്.
ആക്രമിക്കപ്പെട്ടത് ഇടത് സഹയാത്രികനായ ഡോക്ടറായിട്ടുപോലും പ്രതികളെ പൊലീസ് അറസ്റ്റുചെയ്തില്ല. സംഭവം കഴിഞ്ഞ് എട്ടു ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് പൊലീസ് സൗകര്യമൊരുക്കുകയും ചെയ്തു.
കോവിഡ് വാക്സിന്‍ നല്‍കാനായി സഖാക്കള്‍ നല്‍കിയ ലിസ്റ്റ് അവഗണിച്ചതാണ് കയ്യേറ്റത്തിന് ഇടയാക്കിയത്. പ്രോട്ടോകോള്‍ അനുസരിച്ച് വാക്സിന്‍ നല്‍കാനുള്ള മുന്‍ഗണന നിശ്ചയിക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണ്.
വാക്സിനേഷന്‍ രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ ഫലമായിട്ടാണ് സിപിഎമ്മുകാരും ആരോഗ്യപ്രവര്‍കത്തകരും തമ്മില്‍ മിക്കസ്ഥലത്തും തര്‍ക്കങ്ങളുണ്ടായത്.
കൈനകരിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച പ്രതികളെ പിടിക്കാതിരുന്ന പൊലീസ് ചടയമംഗലത്ത് വാക്സിനേഷനെ ചൊല്ലി തര്‍ക്കമുന്നയിച്ച പഞ്ചായത്ത് പ്രസിഡന്റിനേയും വനിതകള്‍ അടക്കമുള്ള അംഗങ്ങളേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതിരോധ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്ന കുറ്റമാരോപിച്ചാണ് ദുരന്തനിവാരണ നിയമമനുസരിച്ച് പഞ്ചായത്ത് നേതാക്കളെ ജയിലിലടച്ചത്.
മുന്നണി പോരാളികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നര കൊല്ലത്തിലേറെയായി വിശ്രമമില്ലാത്ത പോരാട്ടത്തിലാണ്. ജീവന്‍പോലും പണയംവച്ച് കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും ചേര്‍ത്തുപിടിക്കുമെന്നാണ് സര്‍ക്കാര്‍ മുദ്രാവാക്യം. സംരക്ഷിച്ചില്ലെങ്കിലും അക്രമികളില്‍നിന്ന് ഇവരെ രക്ഷിക്കാനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കാത്തത് ക്രൂരതയാണ്.
കോവിഡിന്റെ തുടക്കം മുതല്‍ തുടര്‍ഭരണത്തിനുള്ള ആയുധമായിട്ടാണ് ഈ അസാധാരണ സാഹചര്യത്തെ സര്‍ക്കാര്‍ കണ്ടത്. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ നിപയുടെ കാലത്തും കോവിഡിന്റെ തുടക്കത്തിലും ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്നണി പോരാളികള്‍ക്കൊപ്പം ആരോഗ്യമന്ത്രി ഉണ്ടായിരുന്നു.തിരഞ്ഞടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും അവസാന നിമിഷത്തില്‍ ശൈലജ ടീച്ചറെ ഒഴിവാക്കുകയാണുണ്ടായത്. അവര്‍ക്കുപകരം മുന്‍ പത്രപ്രവര്‍ത്തക കൂടിയായ വീണാ ജോര്‍ജ്ജ് ആരോഗ്യമന്ത്രിയായപ്പോള്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് അവരെ സ്വീകരിച്ചത്. ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തക എന്ന നിലയിലുള്ള അനുഭവങ്ങളും വീണയെ സഹായിക്കുമെന്ന് എല്ലാവരും കരുതി.
എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ അംഗീകാരം നേടിയ ശൈലജ ടീച്ചറുടെ പിന്‍ഗാമിയാകാന്‍ വീണയ്ക്ക് കഴിയുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
രോഗ വ്യാപനത്തില്‍ കേരളമാണ് രാജ്യത്തുതന്നെ ഏറ്റവും മുന്നില്‍. രാജ്യത്ത് റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന കോവിഡ് രോഗികളില്‍ അമ്പതു ശതമാനവും കേരളത്തിലാണ്. പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃക എന്ന് അവകാശപ്പെട്ട ഒന്നാം പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശ വാദങ്ങളും ചീട്ടുകൊട്ടാരംപോലെ തകരുകയാണ്.
ടിപിആര്‍ നിരക്കിലും മരണ നിരക്കിലും കേരളമാണ് അപകടകരമായ അവസ്ഥയിലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പലവട്ടം മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്സിന്‍ വിതരണത്തിലും സര്‍ക്കാര്‍ കാണിക്കുന്ന രാഷ്ട്രീയവത്കരണമാണ് എല്ലാത്തിനും കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാമാരിയുടെ പിടിയില്‍ ജീവിതത്തിന്റെ സമസ്ത മേഖലയും തകര്‍ന്നിരിക്കുകയാണ്.
ലോക് ഡൗണും നിയമങ്ങളും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കടകളില്‍ പോകാന്‍പോലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കടുംപിടിത്തം. പ്രതിപക്ഷം സഭയ്ക്കകത്തും വ്യാപാരികളടക്കം ജനങ്ങള്‍ പുറത്തും പ്രതിഷേധിച്ചപ്പോഴാണ് ആ നിയമത്തില്‍ അയവുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ആറ്റിങ്ങലിലെ മത്സ്യവില്പനക്കാരിയോടും പശുവിനെ മേയ്ക്കാന്‍ പോയ കാസര്‍കോട്ടെ കര്‍ഷകനോടും പൊലീസും അധികൃതരും കാണിച്ച ക്രൂരതകള്‍ ആരും മറക്കുന്നില്ല.
കോവിഡ് പോലെയുള്ള മഹാമാരിയെ അസാധാരണ സാഹചര്യം മുതലെടുക്കാനുള്ള രാഷ്ട്രീയമായി കാണുന്നതാണ് കേരളത്തിന്റെ ദുരന്തം.
തുടര്‍ഭരണത്തിന് ഏറ്റവും പ്രധാന കാരണം കോവിഡായിരുന്നെണങ്കില്‍ ഇപ്പോള്‍ സര്‍ക്കാരിനെ വേട്ടയാടുന്നതും കോവിഡ് തന്നെയാണ്. കോവിഡ് നേരിടുന്നതില്‍ മുഖ്യമന്ത്രി പിണറായിയാണ് മാതൃക എന്നു പറഞ്ഞിരുന്ന ജനങ്ങള്‍ തന്നെ സര്‍ക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ച് പരസ്യമായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് എവിടെയും.
വാളെടുത്തവന്‍ വാളാലെ എന്ന ചൊല്ല് അന്വര്‍ത്ഥമാകാതിരിക്കട്ടെയെന്ന് ആശിക്കാം.
Summary: How lightly the Kerala health minister sees the violence against health workers facing Covid. In a written reply to the Assembly, the Health Minister said that the attacks on doctors had not noticed. When it became controversial, Minister Veena George explained that the mistake would be rectified with the permission of the Speaker.
COMMENTS