Gerd Mueller, one of the greatest players of all time in world football, has died. He was 75 years old
ബര്‍ലിന്‍: ലോക ഫുട്‌ബോളിലെ ഏക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ, ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം, ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസ്ലായിരുന്നു.
അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച് ഓര്‍മ നഷ്ടപ്പെട്ട അദ്ദേഹം കുറച്ചുകാലമായി ഗുരുതരാവസ്ഥയിലായിരുന്നു.
മരണ വാര്‍ത്ത ബയണ്‍ മ്യൂണിക്ക് ക്ലബ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ലോകത്തെ അറിയിക്കുകയായിരുന്നു. ജര്‍മനിയുടെയും ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിന്റെയും പല പ്രധാന കിരീട നേട്ടങ്ങളിലും സുപ്രധാന പങ്കു വഹിച്ച താരമായിരുന്നു മുള്ളര്‍.
ലോകകപ്പും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും നേടിയ പശ്ചിമ ജര്‍മന്‍ ടീമംഗമായിരുന്നു. 'ബോംബര്‍ ഡെര്‍ നേഷന്‍' എന്ന് വിളിപ്പേരുള്ള മുള്ളര്‍ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായിരുന്നു.
1974 ലോകകപ്പ് ഫൈനലിലെ വിജയത്തില്‍ ഉള്‍പ്പെടെ 62 അന്താരാഷ്ട്ര മത്സരങ്ങളില്‍ മുള്ളര്‍ 68 ഗോളുകള്‍ നേടി.
1964 -ല്‍ ബയേണില്‍ ചേര്‍ന്ന മുള്ളര്‍ ക്ലബ്ബിനൊപ്പം 15 വര്‍ഷം പ്രവര്‍ത്തിച്ചു. ഇക്കാലത്ത് 607 മത്സരങ്ങളില്‍ 566 ഗോളുകള്‍ നേടി. മികച്ച സ്‌ട്രൈക്കറും അസാധാരണ പന്തടക്കവുമുള്ള കളിക്കാരനായിരുന്നു മുള്ളര്‍.
1970 ലെ ലോകകപ്പില്‍ 10 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് നേടി. 1972 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ പശ്ചിമ ജര്‍മ്മന്‍ ടീമിന് അദ്ദേഹം നല്കിയ സംഭാവന വളരെ വലുതായിരുന്നു.
'ബയേണിനും അതിന്റെ എല്ലാ ആരാധകര്‍ക്കും ഇന്ന് കറുത്ത ദിവസമാണ്. മുള്ളര്‍ ആയിരുന്നു ക്‌ളബിന്റെ എക്കാലത്തേയും മികച്ച സ്‌ട്രൈക്കര്‍. അതിനപ്പുറം ഒരു നല്ല വ്യക്തി, ലോക ഫുട്‌ബോളിലെ മാന്യമായ വ്യക്തിത്വം. അതായിരുന്നു മുള്ളര്‍. മുള്ളര്‍ ഇല്ലെങ്കില്‍ ബയേണ്‍ ഇന്ന് നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ക്ലബ് ആയിരിക്കില്ല. അദ്ദേഹത്തിന്റെ പേരും ഓര്‍മ്മയും എന്നും നിലനില്‍ക്കും,' ബയേണ്‍ പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹൈനര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബയേണ്‍ സിഇഒ ഒലിവര്‍ കാനും മുള്ളറിന് ആദരാഞ്ജലി അര്‍പ്പിച്ചു. 'ബയേണിന്റെ ചരിത്രത്തിലെ ഇതിഹാസമാണ് മുള്ളര്‍. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ബയേണിന്റെയും ജര്‍മ്മന്‍ ഫുട്‌ബോളിന്റെയും മഹത്തായ ചരിത്രത്തിന്റെ ഭാഗമായിരിക്കും അദ്ദേഹം,' കാന്‍ പറഞ്ഞു.
2012 ല്‍ മുള്ളറുടെ 40 വര്‍ഷം പഴക്കമുള്ള 85 ഗോളുകളുടെ റെക്കോര്‍ഡ് അര്‍ജന്റീന ഫോര്‍വേഡ് ലയണല്‍ മെസ്സി മറികടന്നിരുന്നു.
COMMENTS