The Kerala High Court has ruled that Sister Lucy Kalappura can not remain in the Franciscan Clarist Congregation
കൊച്ചി: പുനപ്പരിശോധനാ ഹര്‍ജി വത്തിക്കാന്‍ തള്ളിയതിനാല്‍ സിസ്റ്റര്‍ ലൂസി കളപ്പുരരയ്ക്കലിന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ തുടരാനാവില്ലെന്ന് ഹൈക്കോടതി.
തന്നെ മഠത്തില്‍ നിന്നു പുറത്താക്കിയതു ചോദ്യം ചെയ്താണ് സിസ്റ്റര്‍ ലൂസി ഹര്‍ജി ഫയില്‍ ചെയ്തത്. ജസ്റ്റിസ് രാജാ വിജയരാഘവനാണ് തീര്‍പ്പു കല്പിച്ചത്.
സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച ഹര്‍ജി മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണെന്നും കോണ്‍വെന്റില്‍ താമസിക്കാന്‍ അവകാശമുണ്ടോയെന്ന കാര്യം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്നും ഹര്‍ജിഭാഗം വാദിച്ചു.
മുന്‍സിഫ് കോടതിയിലെ അന്തിമ തീര്‍പ്പ് വരുന്നതുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി പരിഗണിച്ചില്ല.
പൊലീസ് സംരക്ഷണം സംബന്ധിച്ച കേസില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനാവില്ലെന്നും ഭീഷണിയുണ്ടെന്ന പരാതിയിലാണ് ക്രമസമാധാനം ഉറപ്പുവരുത്താനും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദ്ദേശിച്ചതെന്നും കോടതി പറഞ്ഞു.
റിട്ട് ഹര്‍ജിയിലല്ല അവകാശങ്ങള്‍ സംബന്ധിച്ച് തീര്‍പ്പ് വരുത്തേണ്ടത്. ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
ദിവസവും കോണ്‍വെന്റ് സന്ദര്‍ശിച്ച് സഹായം ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍വെന്റില്‍ നിന്ന് ഒഴിയാന്‍ സാവകാശം അനുവദിക്കാം. എന്ന് ഒഴിവാകാനാവുമെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി പറഞ്ഞു.
ഹര്‍ജിക്കാരി കോണ്‍വെന്റില്‍ നടന്നതായി ആരോപിക്കുന്ന സംഭവങ്ങളുടെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ആരോപണങ്ങള്‍ സിസ്റ്റര്‍ ലൂസിക്കെതിരേയും ഉണ്ടെങ്കിലും അക്കാര്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കുന്നില്ലെന്ന് മദര്‍ സുപ്പീരിയര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഈ കേസില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരിശോധിക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞു.
എന്നാല്‍, താമസസ്ഥലം എവിടെയാണെങ്കിലും സിസ്റ്റര്‍ ലൂസിക്കു നല്‍കിവരുന്ന പൊലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സന്ദര്‍ശകരെന്ന വ്യാജേന മഠങ്ങളില്‍ എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. കന്യാസ്ത്രീയായ ശേഷം തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. വൈദികര്‍ നാലുതവണ ലൈംഗിക പീഡനത്തിന് ശ്രമിച്ചു. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.മഠത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിനു കാരണക്കാരനായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു. യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം അയയ്ക്കും. യുവതികളായ കന്യാസ്ത്രീകളെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്നു ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്. നടപടി റദ്ദാക്കണമെന്നു കാട്ടി സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. തുടര്‍ന്നു വീണ്ടും നല്കിയ അപ്പീലില്‍ സഭയില്‍ നടക്കുന്ന കൊള്ളരുതായ്കകളുടെ വലിയൊരു ചിത്രം സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തിയിരുന്നു.
Summary: The Kerala High Court has ruled that Sister Lucy Kalappura can not remain in the Franciscan Clarist Congregation because the Vatican has rejected her appeal. Sister Lucy filed a petition questioning her expulsion from the convent. The verdict was handed down by Justice Raja Vijayaraghavan.
COMMENTS