Basilios Marthoma Paul II, Supreme of the Malankara Orthodox Church, has passed away at the age of 77
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (77) കാലം ചെയ്തു.
കാന്‍സര്‍ ബാധിതനായിരുന്നു. ഫെബ്രുവരിയില്‍ കോവിഡ് ബാധിച്ചിരുന്നു. അതിനു ശേഷം പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് 2.30 നായിരുന്നു അന്ത്യം.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി 2010 നവംബര്‍ ഒന്നിനാണ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചുമതലയേറ്റത്.
തൃശൂര്‍ ജില്ലയിലെ കുന്നംകുളം മാങ്ങാട് എന്ന ഗ്രാമത്തില്‍ കൊല്ലന്നൂര്‍ ഐപ്പ്, പുലിക്കോട്ടില്‍ കുഞ്ഞീറ്റി എന്നിവരുടെ മകനായി 1946 ആഗസ്റ്റ് 30ന് ജനിച്ചു. കെ ഐ പോള്‍ എന്നായിരുന്നു പേര്. ഏക സഹോദരന്‍: കെ ഐ തമ്പി.
ബിരുദ പഠനം തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി.
പരുമല സെമിനാരിയില്‍ യൂഹാനോന്‍ മാര്‍ സെവേറിയോസ് മെത്രാപോലീത്തയില്‍നിന്ന് 1972 ഏപ്രില്‍ എട്ടിന് ആദ്യ പട്ടം സ്വീകരിച്ചു. മുപ്പത്താറാം വയസില്‍ ചര്‍ച്ച് പാര്‍ലമെന്റ് അദ്ദേഹത്തെ ബിഷപ്പായി തിരഞ്ഞെടുത്തു.
പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ 1985 മേയ് 15ന് എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. ആ വര്‍ഷം ആഗസ്റ്റ് ഒന്നിന്, പുതുതായി രൂപീകരിക്കപ്പെട്ട കുന്നംകുളം രൂപതയുടെ ആദ്യ മെത്രാപോലീത്തയായി.
ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമസ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 2010ല്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷ പദവിയില്‍ എത്തി.
വിനയസ്മിതം, വചനം വിടരുന്നു, നിഷ്‌കളങ്കതയുടെ സൗന്ദര്യം, അനുഭവങ്ങള്‍ ധ്യാനങ്ങള്‍, ജീവിത കാഴ്ചകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു.
ഭൗതിക ശരീരം രാവിലെ ആറു മണിയോടെ പരുമല പള്ളിയിലേയ്ക്ക് കൊണ്ടുവന്നു. ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. വൈകിട്ട് ഏഴു മണിവരെ പരുമല പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
രാത്രി എട്ടു മണിയോടെ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
കാവുംഭാഗം - മുത്തൂര്‍ - ചങ്ങനാശ്ശേരി വഴിയായിരിക്കും ഭൗതികദേഹം കൊണ്ടുപോവുക. വഴിമദ്ധ്യേ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമില്ല. ദേവലോകം അരമന ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പൊതുദര്‍ശനത്തിന് വയ്ക്കും.
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ചൊവ്വാഴ്ച എട്ടു മണിയോടെ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം പൊതു ദര്‍ശനത്തിനായി അരമന കോമ്പൗണ്ടിലെ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റും.
വൈകിട്ട് മൂന്നു മണിയോടെ വിടവാങ്ങല്‍ ശുശ്രൂഷയ്ക്കായി ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ മദ്ബഹായിലേയ്ക്ക് കൊണ്ടുവരും. ശുശ്രൂഷകള്‍ക്കു ശേഷം വൈകിട്ട് അഞ്ചു മണിയോടെ പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനടുത്തുള്ള കബറിടത്തില്‍ സംസ്‌ക്കരിക്കും.
Summary: Basilios Marthoma Paul II, Supreme of the Malankara Orthodox Church, has passed away at the age of 77. He was diagnosed with cancer. Covid affected him in February. He was later admitted to Parumala St. Gregorios Hospital.
COMMENTS