Chief Minister Pinarayi Vijayan is having the language and style of a political criminal, says KPCC president K. Sudhakaran.
കൊച്ചി: രാഷ്ട്രീയ ക്രിമിനലിന്റെ ഭാഷയും ശൈലിയുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
പി.ആര്‍. ഏജന്‍സി കൊടുത്ത മൂടുപടത്തില്‍ നിന്നു പുറത്തുവന്ന യഥാര്‍ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പിണറായി വിജയന്റെ ഭാവവും ഭാഷയും അദ്ദേഹത്തിന്റെ പിന്നാമ്പുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. പിണറായിയുടെ നിലവാരത്തിലേക്ക് താഴാന്‍ താനില്ലെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്‍ പലപ്പോഴും വികാരാധീനനാവുന്നുണ്ടായിരുന്നു.
തന്നെ പറ്റി പറഞ്ഞതെല്ലാം സുധാകരന്റെ സ്വപ്നങ്ങള്‍ മാത്രമായിരിക്കാമെന്നായിരുന്നു പിണറായി പറഞ്ഞത്. സുധാകരന് മണല്‍ മാഫിയയുമായും സ്വര്‍ണക്കടത്തുമായും ബന്ധമുണ്ടെന്നും പിണറായി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ന് സുധാകരന്‍ നല്കിയിരിക്കുന്നത്.
ഇന്നലെ പതിവു വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന് പിണറായി മറുപടി നല്കിയത്. ഇതോടെയാണ് പിണറായി-സുധാകരന്‍ പോര് സിപിഎം-കോണ്‍ഗ്രസ് ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്.
പിണറായിയുടെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കള്ളമാണ്. ഇക്കാര്യം ആരാണ് തന്നെ അറിയിച്ചതെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഇതറിയിച്ച ആള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലെയെന്നും സുധാകരന്‍ ചോദിച്ചു. ഭീഷണി സംബന്ധിച്ച് കാര്യം ആദ്യം പറയേണ്ടത് പൊലീസിനോടല്ലേ എന്നും സുധാകരന്‍ ചോദിച്ചു.
പണ്ട് പഠിക്കുന്ന കാലത്ത് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍വച്ച് പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വാരികയിലെ ലേഖനത്തില്‍ വന്നത്. തന്നെ അര്‍ധ നഗ്‌നനാക്കി കോളേജിനു ചുറ്റും ഓടിച്ചെന്ന് പറയുന്നത് നുണയാണ്. ബ്രണ്ണന്‍ കോളജില്‍ ഉണ്ടായിരുന്ന ആരെങ്കിലും ഇതു ശരിയെന്നു പറഞ്ഞാല്‍ രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നു സുധാകരന്‍ പറഞ്ഞു.
മാഫിയ ഗ്രൂപ്പുകളുമായി എനിക്ക് ബന്ധമുണ്ടെങ്കില്‍ പിണറായി തെളിയിക്കട്ടെ. വെടിയുണ്ടയുമായി വിമാനത്താവളത്തില്‍ പിടിയിലായ ആളാണ് തനിക്കു മാഫിയാ ബന്ധമുണ്ടെന്നു പറയുന്നത്. പുഴുങ്ങിത്തിന്നാനൊന്നുമായിരുന്നില്ലല്ലോ പിണറായി വെടിയുണ്ട കൊണ്ടുനടന്നത്. പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കട്ടെ.
ജീവിതത്തില്‍ നേരിട്ട കാര്യങ്ങള്‍ പേപ്പറില്‍ നോക്കി വായിക്കേണ്ട ഗതികേടിലാണ് പിണറായിയെന്നും സുധാകരകന്‍ പറഞ്ഞു.
Summary: Chief Minister Pinarayi Vijayan is having the language and style of a political criminal, says KPCC president K. Sudhakaran.
COMMENTS