It has been confirmed that the drone was used in two consecutive blasts at Jammu airport. The terrorists were opening a new front with Pak support
അഭിനന്ദ്
ന്യൂഡല്‍ഹി: ജമ്മു വിമാനത്താവളത്തില്‍ തുടരെയുണ്ടായ രണ്ടു സ്ഫോടനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരര്‍ പുതിയ ആക്രമണമുഖം തുറക്കുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ആക്രമണം.
പോയ വെളുപ്പിന് അഞ്ചു മിനിറ്റു വ്യത്യാസത്തിലാണ് രണ്ടു സ്ഫോടനങ്ങള്‍ ഉണ്ടായിരപിക്കുന്നത്. വിമാനത്താവളത്തിലെ എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ ഉയര്‍ന്ന സുരക്ഷാ സാങ്കേതിക മേഖലയിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നിരിക്കുന്നത്. രണ്ട് വ്യോമസേന അംഗങ്ങള്‍ക്കു നിസ്സാര പരിക്കുണ്ട്.
ആദ്യ സ്ഫോടനം ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പുലര്‍ച്ചെ 1:37 നായിരുന്നു. രണ്ടാമത്തേത് പുലര്‍ച്ചെ 1:42 ന് നിലത്തായിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന പുതിയ നീക്കം ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
നടന്നതു ഭീകരാക്രമണം തന്നെയാണെന്നു ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് സ്ഥിരീകരിച്ചു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തയ്ബയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഭീകരനെ സ്‌ഫോടക വസ്തുക്കളുമായി പിടികൂടുകയും ചെയ്തു. തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടത്. വിമാനത്താവള ആക്രമണവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നു ദില്‍ബാഗ് സിംഗ് പറഞ്ഞു.
സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുണ്ട്. രണ്ടാം സ്ഫോടനം നിലത്തായതിനാല്‍ കാര്യമായ നാശമില്ല. വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളം സിവിലിയന്‍ യാത്രയ്ക്കും ഉപയോഗിക്കുന്നു. സ്‌ഫോടനം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് ജമ്മു എയര്‍പോര്‍ട്ട് ഡയറക്ടര്‍ പ്രവാത് രഞ്ജന്‍ ബുരിയ പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പ്രദേശത്തിനകത്ത് 12 കിലോമീറ്റര്‍ വരെ ആയുധങ്ങള്‍ പാക് സേനയും ഭീകരരും ചേര്‍ന്ന് എത്തിച്ചിരുന്നു.
ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത് ശക്തി കുറഞ്ഞ സ്ഫോടക വസ്തുക്കളാണ്. നടത്താന്‍ ഉദ്ദേശിക്കുന്ന വലിയൊരു ആക്രമണത്തിനു മുന്നോടിയായുള്ള ടെസ്റ്റ് ഡോസാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.
പ്രദേശം സുരക്ഷാ സേന നിമിഷങ്ങള്‍ക്കകം വളഞ്ഞു. സ്‌ഫോടനങ്ങളുടെ കാരണം കണ്ടെത്താന്‍ പൊലീസും ഫോറന്‍സിക് സംഘങ്ങളും സ്ഥലത്തുണ്ട്. വ്യോമസേന സ്റ്റേഷന് പുറത്തും വന്‍ തിരച്ചില്‍ നടക്കുകയാണ്.
ജമ്മു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അംബാല, പത്താന്‍കോട്ട്, അവന്തിപോറ എന്നിവിടങ്ങളിലെ വ്യോമസേനാ സ്റ്റേഷനുകള്‍ അതീവ ജാഗ്രതയിലാണ്.
യുഎപിഎയുടെ സെക്ഷന്‍ 16,18 പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരം ജമ്മു പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ എസ് ജിയുടെ ബോംബ് ഡാറ്റാ ടീമും ഒരു എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് സംഭവത്തെക്കുറിച്ച് എയര്‍ സ്റ്റാഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ ഹര്‍ജിത് സിംഗ് അറോറയുമായി സംസാരിച്ചു.
വെസ്റ്റേണ്‍ കമാന്‍ഡിലെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍ മാര്‍ഷല്‍ വിക്രം സിംഗ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് ജമ്മു എയര്‍ഫോഴ്സ് സ്റ്റേഷനിലെത്തി. വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന ഓഫീസറാണ് അദ്ദേഹം.
ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ സ്‌ഫോടനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചതായി സംശയം ബലപ്പെടുന്നു, സംഭവം നടന്നത് പാക് അതിര്‍ത്തിയില്‍ നിന്നു 14 കിലോ മീറ്റര്‍ അകലത്തില്‍
Summary: It has been confirmed that the drone was used in two consecutive blasts at Jammu airport. The terrorists were opening a new front with the support of Pakistan. This is the first such attack in the history of India. Low intensity explosives are now used. It is also being investigated as a test dose ahead of a major attack.
COMMENTS