...
കൊല്‍ക്കത്ത: പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ പോയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കേന്ദ്രം വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായയെ അടിയന്തരമായി കേന്ദ്ര സര്‍വീസിലേക്കു വിളിപ്പിച്ചു.
നിര്‍ബന്ധിത കേന്ദ്ര ഡെപ്യൂട്ടേഷന് നല്‍കുന്നതിനാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര പേഴസണല്‍ മന്ത്രാലയത്തില്‍ മറ്റെന്നാള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ബന്ദോപാദ്ധ്യായയ്്ക്കു കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശം വിലയിരുത്താനാണ് നരേന്ദ്രമോഡി ബംഗാളിലെത്തിയത്. യോഗത്തില്‍ മമതയും ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപദ്ധ്യായും പങ്കെടുത്തില്ല. യോഗത്തില്‍ സംബന്ധിക്കുന്നതിനു പകരം പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ 15 മിനിറ്റ് കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്.
ഒഡീഷയിലും ബംഗാളിലും ചുഴലിക്കാറ്റിലുണ്ടായ നാശം വിലയിരുത്താനുള്ള യാത്രയ്ക്കു ശേഷം കലൈകുണ്ടെ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തിയപ്പോഴാണ് മമത അദ്ദേഹത്തെ പേരിനു കണ്ടത്. സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഈ സമയം പ്രധാനമന്ത്രിക്ക് മമത കൈമാറി.
സ്ഥലത്തുണ്ടായിരുന്നിട്ടും മമതയും ചീഫ് സെക്രട്ടറിയും തന്നെ യഥോചിതം സ്വീകരിക്കാത്തതില്‍ മോഡി ക്ഷുഭിതനാണെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്താവളത്തില്‍ വച്ച് കുറേ പേപ്പറുകള്‍ മോഡിക്കു കൊടുത്തിട്ട്, തിരക്കുണ്ടെന്നു പറഞ്ഞ് മമത പോവുകയായിരുന്നു.
ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രിയോടും ഗവര്‍ണറോടും ഇത്രയും അനാദരവോടെ ഒരു മുഖ്യമന്ത്രി പെരുമാറിയതെന്ന് കേന്ദ്ര നേതൃത്വവും ബിജെപിയും പറയുന്നു.
പ്രധാനമന്ത്രിയുടെ യോഗം മമത ബാനര്‍ജി ബഹിഷ്കരിച്ചതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ആരോപിച്ചു. ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രസന്റേഷന് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ മമത അനുവദിച്ചില്ലെന്നും ധന്‍കര്‍ പറഞ്ഞു.
ബംഗാളിലുണ്ടായ നാശം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി സമയം നീക്കിവെച്ചിരുന്നെന്നും മമതയുടെ അഹങ്കാരവും രാഷ്ട്രീയ നീക്കങ്ങളും അതിന് അനുവദിച്ചില്ലെന്നുമാണ് ബിജെപിയുടെ ആക്ഷേപം.
വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ അറിയിച്ചപ്പോള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാനാണ് മുഖ്യമന്ത്രിയോടു നിര്‍ദ്ദേശിച്ചതെന്നും മമതയുടെ ഓഫീസ് പറയുന്നു. മുഖ്യമന്ത്രിക്ക് മറ്റു യോഗങ്ങള്‍ ഉണ്ടെന്നു നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. മാത്രമല്ല, പ്രധാനമന്ത്രിയെ അങ്ങനെ കാത്തിരിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും മമതയുടെ ഓഫീസ് അറിയിച്ചു.
കാലങ്ങളായി മമതയുമായി കേന്ദ്ര സര്‍ക്കാരും ബിജെപിയും തുടരുന്ന പോര് ഈ ബഹിഷ്കരണത്തോടെ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ബിജെപിക്കു കനത്ത ക്ഷീണവുമായി മമതയുടെ ഷോക്ക് ട്രീറ്റ്മെന്റ്.
COMMENTS