സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീകരത വ്യക്തമാക്കിക്കൊണ്ട്, ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീകരത വ്യക്തമാക്കിക്കൊണ്ട്, ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ 25 പേര്‍ പിടഞ്ഞുമരിച്ചു.
കോവിഡിനെ നേരിടാന്‍ രാജ്യം ഒരു വര്‍ഷമായി കോടികള്‍ വാരിയെറിഞ്ഞ് തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്നു പ്രധാനമന്ത്രി ഉള്‍പ്പെടെ പറയുമ്പോഴാണ് ഓക്‌സിന്‍ പോലും കിട്ടാതെ രോഗികള്‍ പിടഞ്ഞുമരിക്കുന്നത്.
രാജ്യ തലസ്ഥാനത്തെ ആശുപത്രികളിലെ സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
'ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് 3.5 മെട്രിക് ടണ്‍ ഓക്‌സിജന്‍ അനുവദിച്ചിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെ ഇത് എത്തിച്ചേരേണ്ടതായിരുന്നു.പക്ഷേ അര്‍ദ്ധരാത്രിയോടെയാണ് ഓക്‌സിജന്‍ എ' ജയ്പൂര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡി കെ ബാലുജ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 215 കോവിഡ് രോഗികളെങ്കിലും ഗുരുതരാവസ്ഥയിലാണെന്നും ഇതില്‍ 130 പേര്‍ ഏതു നിമിഷവും മരിക്കാവുന്ന അവസ്ഥയിലാണെന്നും ഓക്‌സിജന്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി സഹായത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടുത്ത കുറച്ച് മിനിറ്റിനുള്ളില്‍ ഞങ്ങളുടെ ആശുപത്രിയില്‍ വലിയ മനുഷ്യ ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്ക് ഇതിനകം 25 ജീവന്‍ നഷ്ടപ്പെട്ടു. ഓക്‌സിജനു വേണ്ടി അപേക്ഷിക്കുകയാണ്. ദയവായി ഞങ്ങളുടെ രോഗികലുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നായിരുന്നു ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റല്‍ അപേക്ഷയില്‍ പറഞ്ഞത്.
ഓക്‌സിജന്റെ കുറവ് മൂലം എസ് ഒ എസ് അയച്ച നഗരത്തിലെ രണ്ടാമത്തെ ആശുപത്രിയാണ് ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തുടങ്ങിയവരോടും ജയ്പൂര്‍ ആശുപത്രി അധികൃതര്‍ സഹായം തേടിയിരുന്നു. 130 ലധികം കോവിഡ് രോഗികള്‍ ലൈഫ് സപ്പോര്‍ട്ടിലാണ്.
ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലും സ്ഥിതി ആശങ്കാജനകമാണ്. എല്ലാ നോഡല്‍ ഓഫീസര്‍ നമ്പറുകളും വിളിച്ചുവെങ്കിലും എങ്ങുനിന്നും സഹായം കിട്ടുന്നില്ലെന്നും 140ല്‍ പരം പേര്‍ ഓക്‌സിജന്‍ അത്യാവശ്യമായി കിട്ടേണ്ട സ്ഥിതിയിലാണെന്നും മൂല്‍ചന്ദ് ഹെല്‍ത്ത്‌കെയര്‍ പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു. ഓക്‌സിജന്‍ പ്രശ്നം പരിഹരിക്കുന്നതുവരെ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് ആശുപത്രി നിര്‍ത്തിവച്ചുവെന്നും മൂല്‍ചന്ദ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ മധു ഹണ്ട പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അവര്‍ വിതുമ്പുന്നുണ്ടായിരുന്നു.
സമാനമായ വെല്ലുവിളി മിക്കവാറും എല്ലാ ആശുപത്രികളും നേരിടുന്നുവെന്ന് അവര്‍ പറഞ്ഞു.
മൂന്ന് ദിവസമായി ഓക്‌സിജന്‍ വിതരണം തകിടം മറിയുകയും കിടക്കകള്‍ കിട്ടാതാവുകയും മരുന്നുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. പലരും സഹായത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കാനും തടസ്സങ്ങളില്ലാതെ ആശുപത്രികളില്‍ എത്തിക്കുന്നത് ഉറപ്പാക്കാനുമുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരം വരെ ഡല്‍ഹിയില്‍ 348 മരണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടു ചെയ്തു. ഇത് ഒരു ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കുമാണ്. നാലാം കോവിഡ് തരംഗവുമായാണ് ഡല്‍ഹി പൊരുതുന്നത്.
Summary: At least 25 people have died at the Jaipur Golden Hospital in Delhi due to lack of medical oxygen. The Prime Minister has said that the country has been spending crores of rupees a year preparing to fight Covid, but patients are dying without even getting oxygen.
Key Words: Jaipur Golden Hospital, Delhi, oxygen, Prime Minister, Covid
COMMENTS