സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം പാലാ സീറ്റില്‍ തന്നെയായിരിക്കും താന്‍ ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് എന്‍ സിപി...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം പാലാ സീറ്റില്‍ തന്നെയായിരിക്കും താന്‍ ഇക്കുറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് എന്‍ സിപി നേതാവു കൂടിയായ മാണി സി കാപ്പന്‍.
തന്റെ സിറ്റിംഗ് സീറ്റാണ് പാലാ. കെ എം മാണിയില്‍ നിന്ന് ഇടതു പക്ഷത്തിനു വേണ്ടി താന്‍ പിടിച്ചെടുത്ത സീറ്റാണ്. അത് ആര്‍ക്കും വിട്ടുകൊടുക്കില്ല. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ തന്റെ തീരുമാനത്തിന് ഒപ്പം നില്ക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും കാപ്പന്‍ പറഞ്ഞു.
ശരദ് പവാറുമായി ആത്മബന്ധമുണ്ട്. അദ്ദേഹം പറയുന്നത് അനുസരിക്കും. എങ്കിലും പാലായുടെ കാര്യത്തില്‍ പവാറില്‍ നിന്നു മറിച്ചൊരു തീരുമാനമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പവാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് എന്‍സിപി ഇടതു മുന്നണിയില്‍ തന്നെ തുടരാന്‍ തീരുമാനവുമായിരുന്നു.
പാലാ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെയാണ് പവാര്‍ ചുമതലപ്പെടുത്തിയിരുന്നത്. പട്ടേല്‍ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം അനുവദിച്ചില്ല. ഇതോടെ ക്ഷുഭിതനായ പട്ടേല്‍, യുഡിഎഫിലേക്ക് പോകുന്നതിനെ അനുകൂലിക്കുകയും ഇക്കാര്യം പവാറിനെ അറിയിക്കുകയും ചെയ്തിട്ടുമുണ്ട്.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പാലായില്‍ തന്നെ മത്സരിക്കുമെന്നു കാപ്പന്‍ പറയുന്നതിന് മാനങ്ങള്‍ ഒരുപാടുണ്ട്. ഇതിനിടെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ചുമതലയുള്ള താരിഖ് അന്‍വറുമായി കാപ്പന്‍ ആശയവിനിമയം നടത്തുകയും ചെയ്തു. ഇങ്ങനെ ഒരു ചര്‍ച്ച നടന്നില്ലെന്നാണ് കാപ്പന്‍ പറയുന്നതെങ്കിലും രമേശ് ചെന്നിത്തലയുടെ കേരള യാത്ര കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പാലായുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നു കാപ്പനോട് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.
കാപ്പനു വേണ്ടി കോണ്‍ഗ്രസ് പാലാ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചിഹ്നമായ ചെണ്ടയില്‍ മത്സരിക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലായുടെ കാര്യത്തില്‍ ചര്‍ച്ച നീട്ടാന്‍ കാപ്പനും താത്പര്യമില്ല. ഇപ്പോഴേ കാര്യങ്ങള്‍ തീരുമാനമാക്കിയാലേ തിരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്ന തിരിച്ചറിവും കാപ്പനുണ്ട്. എതിരാളി മിക്കവാറും ജോസ് കെ മാണി തന്നെയാണെന്ന് ഉറപ്പായിരിക്കെ, കാപ്പന് പാലായില്‍ തന്നെ തുടരാന്‍ മുന്നൊരുക്കങ്ങള്‍ ഏറെ വേണ്ടിവരും.
എലത്തൂര്‍ സീറ്റിലേക്ക് കാപ്പനെ മാറ്റുകയോ രാജ്യസഭാ സീറ്റ് നല്കുകയോ ചെയ്യാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം ചെയ്തുവെങ്കിലും കാപ്പന്‍ വഴങ്ങിയിട്ടില്ല.
Keywords: Kerala, Pala, Mani C Kappan, Jose K Mani
COMMENTS