സിഡ്നി : ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പരാജയം പ്രവചിച്ച മത്സരത്തില്‍ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടി ഇന്ത്യ സമനില പിടിച്ചു. സിഡ്നി ക്രിക്കറ...
സിഡ്നി : ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പരാജയം പ്രവചിച്ച മത്സരത്തില്‍ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടി ഇന്ത്യ സമനില പിടിച്ചു.
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് പൊഴിഞ്ഞ ശേഷമാണ് ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ഇന്ത്യയ്ക്കു വിജയത്തിനു തുല്യമായ സമനില സമ്മാനിച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ 407 റണ്‍സെന്ന അത്യാവശ്യം വലിയ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ വച്ചത്. 118 പന്തില്‍ 97 റണ്‍സെടുത്ത് ഏകദനി ശൈലിയില്‍ കളിച്ച റിഷഭ് പന്തും അര്‍ദ്ധ ശതകം നേടിയ ചേതേശ്വര്‍ പൂജാരയും ഒരുവേള വിജയം സ്വപ്‌നം കാണാമെന്ന തലത്തിലേക്ക് ഇന്ത്യയെ എത്തിച്ചിരുന്നു.
പക്ഷേ, ഇരുവരുടെയും വിക്കറ്റ് വീണതോടെ, രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും തങ്ങളുടെ വിക്കറ്റിന്റെ വില മനസ്സിലാക്കി ആക്രമണത്തിനു മുതിരാതെ പ്രതിരോധക്കോട്ട കെട്ടി ഇന്ത്യയെ കാത്തുനിറുത്തി. 161 പന്തില്‍ 23 റണ്‍സാണ് വിഹാരിയുടെ സമ്പാദ്യം. 128 പന്തില്‍ ഏഴു ഫോര്‍ സഹിതം 39 റണ്‍സായിരുന്നു അശ്വിന്‍ നേടിയത്.
ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ 334/5 ല്‍ നില്‍ക്കേ, അഞ്ചാംദിനം പൂര്‍ത്തിയാവാന്‍ ഒരു ഓവര്‍ ബാക്കിവച്ച് മത്സരം സമനിലയില്‍ പിരിയാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിച്ചു.
രണ്ടു ടീമുകളും ഓരോ മത്സരം ജയിച്ചു നില്ക്കുന്നതിനാല്‍, നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നിര്‍ണായകമായി മാറും.
COMMENTS