തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് തിരുവനന്തപുരത്ത് നേമത്തിനടുത്ത് വാഹനമിടിച്ചു മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു...
തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് തിരുവനന്തപുരത്ത് നേമത്തിനടുത്ത് വാഹനമിടിച്ചു മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും ആരോപിക്കുന്നു.
ആക്ടിവയില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ, പിന്നില്‍ നിന്നു വന്ന വാഹനം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വൈകുന്നേരം മൂന്നു മണിയോടെയാണ് ദുരന്തമുണ്ടായത്. ഇടിച്ചുവീഴ്ത്തിയ വാഹനം നിറുത്താതെ പോയി. പാതയോരത്തു കിടന്ന പ്രദീപിനെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
കൈരളി, മനോരമ, ന്യൂസ് 18, മംഗളം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദീപ്, പിന്നീട് യൂ ട്യൂബിലേക്കു തിരിഞ്ഞു. യൂ ട്യൂബില്‍ ഏറെ ആരാധകരുള്ള വാര്‍ത്ത അവതാരകനായി വളരെ പെട്ടെന്നു മാറി. എല്ലാ രാഷ്ട്രീയ കക്ഷികളെയും മുഖം നോക്കാതെ വിമര്‍ശിച്ചിരുന്ന പ്രദീപിന് ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മരണത്തില്‍ ദുരൂഹത ഏറുകയാണ്.
ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസിനായിട്ടില്ല. ടിപ്പര്‍ ലോറിയാണ് ഇടച്ചു വീഴ്ത്തിയതെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് അതുവഴി മൂന്നു ടിപ്പറുകള്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രദീപിന് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഭീഷണി ഉണ്ടായിരുന്നുവെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.
പ്രദീപിന്റെ മരണത്തിലെ ദൂരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
COMMENTS