സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പാലാ നിയമസഭാ സീറ്റില്‍ ഇക്കുറി സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പനും മുന്‍ എംഎല്‍എ ആയ...
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പാലാ നിയമസഭാ സീറ്റില്‍ ഇക്കുറി സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പനും മുന്‍ എംഎല്‍എ ആയിരുന്ന കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയും തമ്മിലായിരിക്കും മത്സരമെന്ന് ഏതാണ്ട് ഉറപ്പായി.
ഇടതു മുന്നണി ഇക്കുറി സീറ്റ് എന്‍സിപി നേതാവ് മാണി സി കാപ്പന് കൊടുക്കാന്‍ സാദ്ധ്യത തീരെ വിരളമാണ്. മാണിയുടെ തട്ടകമായിരുന്ന പാലാ, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിനിടെ പിടിച്ചെടുത്ത് അത്ഭുതം കാട്ടിയിരുന്നു മാണി സി കാപ്പന്‍.
അന്നു സഖാവ് മാണി സി കാപ്പന്‍ എന്ന് ഇടതു നേതാക്കള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞിരുന്നു. മാസങ്ങള്‍ക്കിപ്പുറം രാഷ്ട്രീയം മാറിമറിയുമ്പോള്‍ സഖാവ് മാണി സി കാപ്പനില്ല. പകരം സഖാവ് ജോസ് കെ മാണിയാണ് കളത്തില്‍.
മാണി സി കാപ്പനെ നേരത്തേ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തന്ത്രമാണ് ഇടതു മുന്നണിയും ജോസ് കെ മാണിയും എടുത്തിരിക്കുന്നത്. പാലായുടെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ലെന്നും ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളൂ എന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്.
പാലായില്‍ ഇടതു മുന്നണി തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി, സ്ഥാനാര്‍ത്ഥിയെ വഴിയേ പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറയുന്നത്.
പുറമേ ഇതൊക്കെ പറയുമ്പോഴും ജോസ് ക്യാമ്പ് പിന്നണിയില്‍ ഒരുക്കം തുടങ്ങി. പിതാവിന്റെ സീറ്റില്‍ ജയിച്ചുകയറാനാവുമെന്ന പ്രതീക്ഷയാണ് ജോസ് കെ മാണിക്ക്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കിട്ടിയ മേല്‍ക്കൈ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണ്.
ഇതേസമയം, മാണി സി കാപ്പന്‍ മത്സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ജോസിന്റെ വൈരി പിജെ ജോസഫ് പ്രഖ്യാപിച്ചു. ബൂത്തു തലം മുതല്‍ നേതാക്കളുടെ യോഗം വിളിച്ച് മാണി സി കാപ്പനും ഒരുക്കം തുടങ്ങി.
ഇടതു പക്ഷത്തെ തന്റെ പിന്തുണക്കാരും യുഡിഎഫിന്റെ സഹായവും സഭയുടെ അനുഗ്രഹവും തേടി ജയിക്കാമെന്ന പ്രതീക്ഷയാണ് മാണി സി കാപ്പന്. എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ ഓടിനടന്നു നടത്തിയ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രതീക്ഷയര്‍പ്പിക്കുന്നു.
പരമ്പരാഗത ബന്ധങ്ങളും കെഎം മാണിയുടെ വികസന മുദ്രകളും സഭയുടെയും ഇടതു പക്ഷത്തിന്റെയും അനുഗ്രഹവും കൂടിയാവുമ്പോള്‍ ജയം ഉറപ്പെന്നാണ് ജോസ് കെ മാണിയുടെ ഫോര്‍മുല. ഇനിയെല്ലാം അങ്കത്തട്ടില്‍ ജനം വിധിക്കും.
COMMENTS