സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായി നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായി നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ കര്‍ഷകനിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിക്കാനിരുന്ന പ്രേത്യേക സമ്മേളനത്തിനാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.
പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള അത്യാവശ്യം ഇപ്പോഴില്ലെന്ന് കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളഞ്ഞത്. സമ്മേളനം ചേര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കൃഷി നിയമങ്ങള്‍ക്കെതിരേ സംയുക്തമായി വിയോജിപ്പ് ഭരണപ്രതിപക്ഷങ്ങള്‍ പ്രകടിപ്പിക്കുമെന്ന് ഉറപ്പായിരുന്നു.
സഭ ചേരേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ രാജ്യത്തെയാകെ ബാധിക്കുന്ന വിഷയമാണെന്നും കേരളത്തിലെ കര്‍ഷകരുടെ ആശങ്ക മുന്‍നിര്‍ത്തിയാണ് സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.
ഈ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് അസാധാരണ സാഹചര്യം ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നു. സഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം യുക്തമായ മറുപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമത്തോടുള്ള വിയോജിപ്പ് നിയമ സഭയില്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. പല സംസ്ഥാനങ്ങളും ഇക്കാര്യം ചെയ്തിട്ടുണ്ട്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന നിയമസഭകളുടെ അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍, സഭ ചേരാന്‍ മുന്‍പ് ഒരു ഗവര്‍ണറും അനുമതി നിഷേധിച്ചിട്ടില്ല. പുതിയ സാഹചര്യത്തിലൂടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അകലം കൂടുകയാണ്. പൗരത്വ നിമയ ഭേദഗതിയുടെ പേരിലും സര്‍ക്കാരുമായി ഗവവര്‍ണര്‍ ഇടഞ്ഞിരുന്നു.
Keywords: Governer, Kerala, Assembly Meet, Agriculture Laws, Arif Mohammed Khan
COMMENTS