അഭിനന്ദ് ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നു വ്യക്തികള്‍ക്കു സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യ...
അഭിനന്ദ്
ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നു വ്യക്തികള്‍ക്കു സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ പോലെ ഫലപ്രദമാകുമെന്ന് അടിവരയിട്ട് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് -19 ബാധിച്ചവരും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വാക്‌സിന്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വ്യക്തിയുടെ ശരീരത്തില്‍ ആന്റിബോഡി വികസിക്കുന്നത്. വാക്‌സിന്‍ കഴിക്കുന്നത് നിര്‍ബന്ധമാണോ, ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ എത്ര സമയമെടുക്കും, രോഗമുക്തി നേടിയവര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയായിരുന്നു മന്ത്രാലയം.
വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ സ്വമേധയാ തീരുമാനമെടുക്കാമെങ്കിലും രോഗപ്രതിരോധത്തിനായി കുത്തിവയ്‌പ്പെടുക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരിലേക്ക് വ്യക്തിയില്‍ നിന്നു രോഗം പടരുന്നത് പരിമിതപ്പെടുത്തുന്നതിനും വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലത്.
വാക്സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലാണ്. കോവിഡ് -19 നുള്ള വാക്‌സിന്‍ ഉടന്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്തത്, സിഡസ് കാഡില വികസിപ്പിച്ചെടുത്തത്, ജെനോവ വികസിപ്പിച്ചെടുത്തത്, ഓക്‌സ്ഫഡ് വാക്‌സിന്‍, സ്പുട്‌നിക് വി വാക്‌സിന്‍, ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡ്, എംഐടിയുമായി സഹകരിച്ച് തയ്യാറാക്കുന്നത് എന്നീ വാക്‌സിനുകള്‍ വിതരണത്തിനു സജ്ജമായി വരികയാണ്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കേണ്ടി വന്നതിനാല്‍ അത് എത്രത്തോളം സുരക്ഷിതമാണെന്ന് ഇപ്പോള്‍ പറയാനാവില്ല. പാര്‍ശ്വഫലങ്ങള്‍ എന്തായിരിക്കാമെന്നും പറയാന്‍ സമയമെടുക്കും.
'സുരക്ഷ തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ വാക്‌സിന്‍ വിതരണം ആരംഭിക്കൂ. മറ്റ് വാക്‌സിനുകള്‍ പോലെ തന്നെ, കുത്തിവയ്പ്പ് നടക്കുന്ന സ്ഥലത്ത് ചില വ്യക്തികളില്‍ സാധാരണ പാര്‍ശ്വഫലങ്ങളായ നേരിയ പനി, വേദന മുതലായവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വാക്‌സിന്‍ സംബന്ധമായ പാര്‍ശ്വഫലങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വ്യക്തിക്ക് 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്്‌സിന്‍ എടുക്കേണ്ടതുണ്ട്. കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും കോവിഡ് -19 വാക്‌സിന്‍ എടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു.
Keywords: Covid, Vaccine, India, Kerala, ICMR
COMMENTS