തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവ...
തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍, കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയി.
വിമാനാപകട സ്ഥലത്ത് നിരന്തരം ഇടപെട്ട മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനും അസിസ്റ്റന്റ് കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും ഉള്‍പ്പെടെ 21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകുന്നത്.
വിമാനാപകടത്തിനു ശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മന്ത്രിമാര്‍ക്ക് എത്താനാവാത്ത മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.
മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഗണ്‍മാന് രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്പി ക്വാറന്റൈനിലായിരുന്നു. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കളക്ടറും ക്വാറന്റൈനിലായിരുന്നു.
COMMENTS