സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണം കള്ളക്കടത്തു കേസുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു തീരുന്നതുവരെ കേരള രാഷ്ട്രീയം മുള്‍മുനയില്‍.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വസ്വാതന്ത്ര്യത്തോടെ വിരാജിച്ചിരുന്ന ഐഎഎസ് ഓഫീസറെയാണ് എന്‍.ഐ.എ ഇന്ന് വിശദമായി ചോദ്യം ചെയ്യുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ചോദിച്ചിരുന്നു. അതു കിട്ടിയിട്ടായിരിക്കും ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുകയെന്നാണ് കരുതിയിരുന്നത്. ദൃശ്യങ്ങള്‍ കിട്ടുന്നതിനു മുന്‍പു തന്നെ കൊച്ചിയിലേക്കു വിളിച്ചു വരുത്തിയതില്‍ പന്തികേട് മണക്കുകയാണ് രാഷ്ട്രീയ നേതൃത്വം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യിലിനു പിന്നാലെയാണ് വീണ്ടും വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയാണ്.
ശിവശങ്കര്‍ പുലര്‍ച്ചെ നാലരയോടെയാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കൊച്ചിയിലേക്ക് തിരിച്ചത്. ശിവശങ്കര്‍ കൊടുത്ത മൊഴികളിലെ വൈരുദ്ധ്യമാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രധാന കാരണം.
എ.എന്‍.ഐയുടെ പ്രത്യേക സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. എന്‍.ഐ.എയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനം ഹൈദരാബാദിലാണ്. അവിടെനിന്നുള്ള ഐ.ജി രവിശങ്കറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. മറ്റൊരു ഐ.ജിയും സംഘത്തിലുണ്ട്. എന്‍.ഐ.എ കൊച്ചി യൂണിറ്റ് മേധാവി എസ്. രാഹുലാണ് ചോദ്യം ചെയ്യുന്നത്. മറ്റ് ഉദ്യോഗസ്ഥര്‍ തുടര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും. ഒപ്പം മൊഴികളിലെ പൊരുത്തക്കേടുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കും.
ദേശീയ പ്രാധാന്യം കിട്ടിയ കേസായതിനാല്‍ എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി ചോദ്യംചെയ്യല്‍ ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യല്‍ നിരീക്ഷിക്കും.
ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നുണ്ട്. ചോദ്യം ചെയ്യല്‍ സംഘം ഇന്നലെ രാവിലെ മുതല്‍ സജ്ജരാണ്. വിശദമായ ചോദ്യാവലി അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്‍ പ്രകാരമായിരിക്കും ചോദ്യം ചെയ്യല്‍.

ശിവശങ്കര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് എന്‍.ഐ.എ നിയമോപദേശം തേടിയിരുന്നു എന്നതും ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. പ്രതി സ്വപ്‌ന സുരേഷ് ഇതുവരെയും ശിവശങ്കറിനെ രക്ഷിക്കുന്ന മൊഴിയാണ് നല്കിയിട്ടുള്ളത്. എന്നാല്‍, സന്ദീപ് നായര്‍, സരിത്ത് എന്നീ പ്രതികളുടെ മൊഴി ശിവശങ്കറിനെ സംബന്ധിച്ചു നിര്‍ണായകമാണ്.
അന്വേഷണം ശിവശങ്കറില്‍ നിന്നു മുഖ്യമന്ത്രിയിലേക്കും അതുവഴി സംസ്ഥാന ഭരണം ഉലയുന്ന തലത്തിലേക്കും എത്തുമെന്നും അതിലൂടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടുമുണ്ടാക്കാമെന്നുമാണ് ബിജെപി കണക്കു കൂട്ടുന്നത്.
Keywords: M Sivasankar IAS, NIA, Swapna Suresh, Gold Smuggling
COMMENTS